കൊല്ലം: റീൽസെടുക്കാനും ഫോട്ടോഷൂട്ടിനുമായി നഗരത്തിൽ കൂടുതലായി ആളുകൾ തിരഞ്ഞെടുക്കുന്ന ഒരിടമുണ്ട്, കോർപ്പറേഷൻ ഓഫീസിന് സമീപം ക്യു.എ.സി റോഡ്. പുലർച്ചയും വൈകിട്ടുമാണ് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തുന്നത്. ഉച്ചയ്ക്ക് അൽപ്പം വിശ്രമിക്കാൻ തണൽ തേടിയെത്തുന്നവരും കുറവല്ല.
റോഡിനിരുവശത്തുമായി പടർന്ന് പന്തലിച്ച് കിടക്കുന്ന മരങ്ങളുടെ ഭംഗിയും തിരക്ക് കുറഞ്ഞ അന്തരീക്ഷവുമാണ് ഇവിടം ഷൂട്ടിംഗിന് തിരഞ്ഞെടുക്കാൻ കാരണം. മാനസികോല്ലാസത്തിനും ഒത്തുചേരലിനുമുള്ള ഇടമായി ഇവിടം മാറിക്കഴിഞ്ഞു. തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിപോലെ ക്യു.എ.സി റോഡും മാറ്റണമെന്നാണ് ആവശ്യം.
കഴിഞ്ഞ ആഗസ്റ്റിൽ എം.നൗഷാദ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ നൈറ്റ് ലൈഫ് പദ്ധതിയിലൂടെ ക്യു.എ.സി റോഡിനെ സാംസ്കാരിക ഇടനാഴിയാക്കാൻ തീരുമാനിച്ചിരുന്നു. ഒത്തുചേരാനും പാട്ടുപാടാനും കൂട്ടുകൂടാനും രാത്രി സൗന്ദര്യം ആസ്വദിക്കാനും കഴിയുന്നിടം എന്നതിലുപരി കൊല്ലത്തിന്റെ തനത് രുചികൾ ലഭ്യമാക്കുന്ന ഫുഡ് സ്ട്രീറ്റും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
നേരം ഇരുട്ടിയാൽ അരണ്ട വെളിച്ചം മാത്രമാണുള്ളത്. നടപ്പാതയിലേക്ക് വെളിച്ചം എത്താറില്ല. അതിനാൽ സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിച്ചു. തുറന്നുകിടക്കുന്ന ഓടകൾ മറ്റൊരു പോരായ്മയാണ്.
ഷാജി, പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |