ന്യൂഡൽഹി: ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയി സംഘം 25 ലക്ഷത്തിന്റെ കരാർ നൽകിയെന്ന്
നവി മുംബയ് പൊലീസ്. അഞ്ച് പേരെ പ്രതികളാക്കി സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാംഹൗസിനു സമീപം വച്ച് സൽമാനെ വധിക്കാനായിരുന്നു പദ്ധതി. കൊലപ്പെടുത്താൻ പാകിസ്താനിൽ നിന്ന് എ.കെ 47, എ.കെ 92, എം. 16 എന്നിവയുൾപ്പെടെ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ തീരുമാനിച്ചു. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച തുർക്കി നിർമ്മിത സിഗാന ആയുധത്തിനും ഓർഡർ നൽകി. സൽമാനെ കൊലപ്പെടുത്താൻ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പ്രതികൾ വാടകയ്‌ക്കെടുത്തിരുന്നു. ഇവരെല്ലാം പൂനെ, റായ്ഗഡ്, നവി മുംബയ്, താനെ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒളിവിലാണ്. സൽമാന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ എഴുപതോളം പേരെ നിയോഗിച്ചു.
2023 ആഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണ് സൽമാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. വ്യാഴാഴ്ച ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് അറസ്റ്റിലായ സുഖ എന്നയാൾ ഷൂട്ടറായ അജയ് കശ്യപ് എന്ന എ.കെയ്ക്കും ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റ് നാല് പേർക്കും സൽമാനെ കൊല്ലാനുള്ള നിർദ്ദേശം നൽകിയിരുന്നു. സൽമാന് കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനവും ഉള്ളതിനാൽ കൊലപാതകം നടത്താൻ അത്യാധുനിക ആയുധങ്ങൾ വേണമെന്ന തീരുമാനത്തിലെത്തി. തുടർന്ന് സുഖ പാകിസ്താനിലെ ആയുധ ഇടപാടുകാരനായ ഡോഗറിനെ വീഡിയോ കാളിലൂടെ ബന്ധപ്പെട്ടു. എ.കെ 47 ഉൾപ്പടെയുള്ള അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ കരാർ. വിലയുടെ 50 ശതമാനം നേരത്തേ നൽകും. ബാക്കി ആയുധങ്ങൾ ഇന്ത്യയിലെത്തിച്ച ശേഷം നൽകാമെന്നും ഉറപ്പിച്ചു. കാനഡയിൽ നിന്നുള്ള ഗുണ്ടാ നേതാവായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ് എന്നിവരുടെ നിർദ്ദേശത്തിനായി ഷൂട്ടർമാർ കാത്തിരിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കിയ ശേഷം കന്യാകുമാരിയിൽ ഒത്തുകൂടാനും അവിടെ നിന്ന് ശ്രീലങ്കയിലേക്കും പിന്നീട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു രാജ്യത്തേക്ക് കടക്കാനുമായിരുന്നു ഷൂട്ടർമാരുടെ പദ്ധതിയെന്നും പൊലീസ് അറിയിച്ചു.
സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവയ്പ്പ് നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസ് ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തായത്.
അതേസമയം മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻഖാന്റെ ബാന്ദ്രയിലെ വീട്ടിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |