# വീണ്ടും പട്രോളിംഗ്
# നാലു വർഷമായി തുടരുന്ന
സംഘർഷാവസ്ഥ അയയുന്നു
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് (എൽ.എ.സി) ഇരുവശവും നിലയുറപ്പിച്ചിരിക്കുന്ന സേനകളെ പിൻവലിക്കാനും പട്രോളിംഗ് പുനഃസ്ഥാപിക്കാനും ഇന്ത്യയും ചൈനയും ധാരണയിൽ. നാലുവർഷമായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് പരിഹാരമാവുമെന്നാണ് കണക്കുകൂട്ടൽ.2020 ഏപ്രിൽ-മേയ് മുതൽ പട്രോളിംഗ് മുടങ്ങിയിരിക്കുകയാണ്.
ചില മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നെങ്കിലും അവിടം ബഫർസോണാക്കി പട്രോളിംഗ് ഒഴിവാക്കിയിരുന്നു.
റഷ്യയിൽ ഇന്ന് തുടങ്ങുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്താൻ സാദ്ധ്യതയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം അവിടെ നടത്തിയേക്കും.
ആഴ്ചകളായി തുടരുന്ന നയതന്ത്ര, സൈനിക ചർച്ചകളിലാണ് സമ്പൂർണ സൈനിക പിൻമാറ്റത്തിന് ധാരണയായതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.ചർച്ചകളിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. നാലുവർഷമായി നടക്കുന്ന ഇന്ത്യ-ചൈന സൈനിക കമാൻഡർ തല കൂടിക്കാഴ്ചയും നിർണായകമായി.
കൈയേറ്റം, ഏറ്റുമുട്ടൽ, പിൻമാറ്റം
# 2020 ഏപ്രിൽ-മേയിൽ പാംഗോംഗ് തടാകം, ഗാൽവാൻ താഴ്‌വര, ഹോട്ട് സ്‌പ്രിംഗ്‌സ്, ഡെപസാംഗ് തുടങ്ങിയ മേഖലകളിൽ ചൈനീസ് സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടന്ന് കൈയേറ്റം നടത്തി പോസ്റ്റുകൾ സ്ഥാപിച്ചു. അതിർത്തിയിൽ സംഘർഷം . ഇരുഭാഗത്തും സേനാ വിന്യാസം.
#2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. 40 ചൈനീസ് സേനാംഗങ്ങളും കൊല്ലപ്പെട്ടു. സംഘർഷം മുറുകി.
# 2022 സെപ്തംബറിൽ ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിൽ (പി.പി-15 നിന്ന് ഇന്ത്യൻ, ചൈനീസ് സൈനികർ പിൻവാങ്ങി. പിൻമാറിയ മേഖലകളെ ബഫർസോണാക്കി പട്രോളിംഗ് ഒഴിവാക്കി.
തന്ത്രപ്രാധാന്യമുള്ള ദെപ്‌സാങ് സമതലങ്ങളിൽ കടന്നു കയറിയ ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സേന തുടർന്നു.
# 2024 ആഗസ്റ്റ് 29 ന് ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളുമായി ബന്ധപ്പെട്ട് ബെയ്ജിംഗിൽ നടന്ന യോഗത്തിൽ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കം.
സമാധാനം പുനഃസ്ഥാപിക്കും
`സേനകളെ പിൻവലിച്ച് പട്രോളിംഗ് സംബന്ധിച്ച് 2020 ഏപ്രിലിന് മുൻപുള്ള തൽസ്ഥിതി നിലനിറുത്താൻ ധാരണയിലെത്തി. 2020നുശേഷം വിവിധ കാരണങ്ങളാൽ അവർ ഞങ്ങളെ തടഞ്ഞു, ഞങ്ങൾ അവരെയും തടഞ്ഞു. ക്ഷമയും സ്ഥിരോത്സാഹവുമുള്ള നയതന്ത്രഞ്ജത ഫലം കണ്ടു. 2020ന് മുമ്പ് നിലനിന്ന സമാധാനം പുനഃസ്ഥാപിക്കും. സമാധാനമില്ലാതെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടില്ല.'
-എസ്. ജയശങ്കർ,
വിദേശകാര്യ മന്ത്രി
ഇന്ത്യയ്ക്ക് നേട്ടം
ഇന്ത്യയെ കൂടാതെ ഫിലിപ്പീൻസ്, വിയറ്റ്നാം, ജപ്പാൻ, നേപ്പാൾ, ഭൂട്ടാൻ, ഇന്തോനേഷ്യ, ലാവോസ്, മ്യാൻമർ, ടിബറ്റ്, സിംഗപ്പൂർ, ബ്രൂണെ, മംഗോളിയ എന്നീ രാജ്യങ്ങളുമായി ചൈനയ്ക്ക് അതിർത്തി തർക്കങ്ങളുണ്ട്. ഇതിൽ ആദ്യമായാണ് ഒരു രാജ്യവുമായി ചൈന ധാരണയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |