ജീവിക്കാനായി ഭക്ഷണം കഴിക്കുന്നവർ, ഭക്ഷണം കഴിക്കാനായി ജീവിക്കുന്നവർ. കുറച്ചുനാൾ മുൻപ് വരെ മനുഷ്യനെ തരം തിരിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർക്കിടയിൽ 'സ്റ്റാർബക്സ് കോഫി" കുടിക്കുന്ന 'ക്രീമി ലേയറിനെ" മലയാളി രൂക്ഷമായി നോക്കി.
സമൂഹം കെട്ടിപ്പടുത്ത ഭക്ഷണവ്യവസ്ഥയിൽ നിന്ന് മാറിച്ചിന്തിച്ചാൽ ഒറ്റപ്പെടുമോ എന്ന് ഭയന്ന് ഞായറാഴ്ചകളിൽ ഹോട്ടൽ ഭക്ഷണം വാങ്ങുന്നത് പോലും മലയാളി രഹസ്യമാക്കി വച്ച ഒരുകാലം. ഇതൊക്കെ കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ്. ഇതിപ്പോൾ അവരുടെ കാലമാണ്. ഫുഡ് ഇൻവ്ലുവൻസർമാർ! 'വാട്ട് ഐ ഏറ്റ് ഇൻ എ ഡേ" എന്ന ആമുഖത്തോടെ രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടക്കുന്നത് വരെ എന്തൊക്കെ, എത്ര അളവിൽ, എവിടെ നിന്ന്, എത്ര ഇടവേളകളിൽ കഴിച്ചുവെന്ന് വീഡിയോ ചിത്രീകരിക്കുന്ന ഫുഡ് വ്ലോഗർമാരെ തട്ടിയും മുട്ടിയും നടക്കാനാവില്ല.
'ഇവരുടെയൊക്കെ ലൈഫാണ് ശരിക്കും ലൈഫ്"!.. വ്ലോഗർമാരുടെ വീഡിയോ കണ്ട് സ്വന്തം ജീവിതത്തിന്റെ പരിമിതികളോർത്ത് ചിലർ ആത്മഗതം നടത്തും. അപകർഷതാബോധത്തിന്റെ പടുകുഴിയിൽ വീഴാൻ തുടങ്ങുമ്പോൾ ആത്മാഭിമാനത്തെ തൃപ്തിപ്പെടുത്താൻ അവർ ഓൺലൈനിൽ പിസ്സ ഓർഡർ ചെയ്യും. താത്ക്കാലിക ആശ്വാസങ്ങളുടെയും അന്തമില്ലാത്ത ഫുഡ് വ്ലോഗിംഗിന്റെയും ഇടയിൽ എവിടെയാണ് അപകടം പതിയിരിക്കുന്നത്?
ഞാനൊരു ഫുഡിയാണേ
യൂട്യൂബ് ഷോർട്ട്സിലൂടെയാണ് വ്ലോഗർമാർ ഭക്ഷണം കഴിക്കുന്ന വീഡിയോകൾ ഇടുന്നത്. ആളുകൾ ഇത് കാണുമ്പോൾ യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കും. 'രാവിലെ വലിയ വിശപ്പില്ലായിരുന്നു ഗയ്സ്, അതിനാൽ അഞ്ച് പൊറോട്ടയും ഒരു പ്ലേറ്റ് ബീഫും മാത്രമേ കഴിക്കാൻ സാധിച്ചുള്ളു..." അടുത്തിടെ ഒരു വ്ലോഗർ പോസ്റ്റ് ചെയ്ത വീഡിയോയുടെ ആമുഖം ഇത്തരത്തിലായിരുന്നു.
തട്ടുകടയും ജ്യൂസ് ഷോപ്പുകളും കഫേകളും കയറിയിറങ്ങിട്ടും വിശപ്പ് മാറുന്നില്ലെന്ന വിഷമവും പറയുന്നുണ്ട്. വ്ലോഗറെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകൾ പ്രത്യക്ഷപ്പെട്ടു. വിമർശകരെയാണ് വാസ്തവത്തിൽ ഫുഡ് വ്ലോഗർമാർക്ക് ആവശ്യം. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വളരാൻ എളുപ്പമാണെന്ന സമൂഹമാദ്ധ്യമ തന്ത്രം അരച്ചുകലക്കി കുടിച്ചവരാണിവർ.
'അല്ല, ഇത്രയൊക്കെ ഒരു മനുഷ്യന് കഴിക്കാനാകുമോ...' എന്ന് നിഷ്കകളങ്കമായി ചിലർ ചോദിക്കാറുണ്ട്. അവിടെയാണ് ഫുഡ് വ്ലോഗുകളിലെ ഏറ്റവും വലിയ കെണി. പല സ്ഥാപനങ്ങളുടെയും പെയ്ഡ് പ്രൊമോഷനുകളാണ് ഇവർ ചെയ്യുന്നത്. പത്ത് മൊമ്മോസുള്ള ഒരു പ്ലേറ്റ് ഒറ്റയടിക്കല്ല ഇവർ കഴിക്കുന്നത്. ചിലപ്പോൾ ഒരെണ്ണം കഴിക്കും. വീട്ടുകാർക്ക് പാർസൽ കൊണ്ടുപോകും. അല്ലെങ്കിൽ ബാക്കി തിരികെ നൽകും. ചിലപ്പോൾ ഒന്ന് രുചിച്ചുപോലും നോക്കാതെയുള്ള വാചക കസറത്തുകൾ മാത്രം. പ്രൊമോഷൻ വകയിൽ നല്ലൊരു തുകയും നേടും. കഥയറിയാതെ ആട്ടം കാണുന്ന പ്രേക്ഷകർ ഇവർക്കുമേൽ ആദരവും സഹതാപവും ചൊരിഞ്ഞുകൊണ്ടേ ഇരിക്കും.
ആരോഗ്യശ്രീമാൻ
മുൻപ് സൂചിപ്പിച്ച വ്ലോഗിംഗ്, കാണികളുടെ ഭക്ഷണ സംസ്കാരത്തെയും പ്രതികൂലമായി ബാധിക്കും. എല്ലാ ദിവസവും അറേബ്യൻ ഭക്ഷണങ്ങൾ കഴിക്കുന്നത് സ്വാഭാവികമാണെന്ന് ധരിക്കുന്ന കുട്ടികൾ ഒരുപാടുണ്ട്. ആരോഗ്യം പണയം വച്ച് അസുഖം കടം വാങ്ങുന്ന തലമുറ. രണ്ടാമത്തെ വിഭാഗം ഫുഡ് വ്ലോഗർമാർ എക്സ്ട്രാ ഹെൽത്ത് കോൺഷ്യസാണ്. പ്രോട്ടീൻ വിട്ടൊരു കളിയില്ല ഇവർക്ക്.
രണ്ട് കുട്ടികളുടെ അമ്മയായിട്ടും കോർപ്പറേറ്റ് കമ്പനിയിലെ ജീവനക്കാരിയായിട്ടും എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് വ്യത്യസ്ത തരത്തിലുള്ള പോഷകാഹാരങ്ങൾ തയാറാക്കാൻ സാമർത്ഥ്യമുള്ളവരാണ് തങ്ങളെന്ന് ഇവർ ആരാധകരെ ധരിപ്പിക്കുന്നു. 'ഇവർക്കൊക്കെ ഇത് എങ്ങനെ സാധിക്കുന്നു?' എന്ന് ചിന്തിച്ച് സ്വയം വിലകുറച്ചു കാണുന്ന വീട്ടമ്മമാർ ധാരാളമാണ്.
വിദേശരാജ്യങ്ങളിലെ ഭക്ഷണ മാതൃകയാണ് ഇത്തരം വ്ലോഗർമാർ പിന്തുടരുന്നത്. പരിമിതകളിൽ നിന്ന് തങ്ങളാൽ ആകും വിധം കുടുംബത്തിനായി അദ്ധ്വാനിക്കുന്നവർ ഇത്തരം വീഡിയോകൾ കണ്ട് നെടുവീർപ്പിടുന്നത് വേദനാജനകമാണ്.
ക്ലിക്ക് ആൻഡ് പോസ്റ്റ്
നല്ല വരുമാനം കൊയ്യുന്നുണ്ടെങ്കിലും ഫുഡ് വ്ലോഗർമാർക്കും പണി വരുന്നുണ്ട്. ഭക്ഷണം കൺമുന്നിലെത്തുമ്പോൾ ഇവർക്ക് ആദ്യം ഉണ്ടാവുന്ന ചിന്ത അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കണമെന്നാണ്. രുചി പോലും പലപ്പോഴും ഇവർ അറിയാറില്ല. ക്രമേണ, ഭക്ഷണം മാത്രമല്ല, ഓരോ ചെറിയ കാര്യങ്ങളും ആസ്വദിക്കുന്നതിന് പകരം ഡോക്യുമെന്റ് ചെയ്യാനുള്ള വ്യഗ്രതയാകും ഇവർക്ക്. ലൈക്കും കമ്മന്റും ഇതിന് വളമേകും. എന്നാൽ, അത് നിലയ്ക്കുന്ന ദിവസം, ലോകം തന്നെ അവസാനിച്ച പോലെ ഇവർക്ക് അനുഭവപ്പെട്ടേക്കാം. ഉത്കണ്ഠയും മാനസികസമ്മർദ്ദവുമാണ് പരിണിതഫലം.
തള്ളേണ്ടത് തള്ളി മുന്നോട്ട്
കൊവിഡ് കാലത്തെ ഫുഡ് വ്ലോഗിംഗ് ട്രെൻഡിലൂടെ ധാരാളം നല്ല കാര്യങ്ങൾ സംഭവിച്ചു. ഗ്രാമീണ മേഖലയിലെ അറിയപ്പെടാത്ത ചായക്കടകളും വീട്ടിലെ ഊണും ദേശത്തിന്റെ സീമകളെ അതിജീവിച്ചു. തട്ടുകടകൾക്ക് പുതുജീവൻ ലഭിച്ചു. കട്ടൻ കാപ്പിയും മഴയും ജോൺസൺ മാഷിന്റെ ഗാനവും വൈറൽ കോംബോ ആയി. എന്നാൽ, ചോറുണ്ണാതെ വാശി പിടിക്കുന്ന കുട്ടികൾക്ക് ഇത്തരം വീഡിയോകളും ഫുഡ് എ.എസ്.എം.ആർ വീഡിയോകളും കാണിച്ചുകൊടുക്കുമ്പോൾ ഏതോ സമാന്തരലോകത്തെ ഭക്ഷണസംസ്കാരമാണ് ചൊട്ടയിലെ അവരെ ശീലിപ്പിക്കുന്നതെന്ന് മാതാപിതാക്കൾ ഓർക്കണം. ഭക്ഷണം കഴിക്കുന്നതും വീഡിയോ എടുക്കുന്നതും വ്യക്തിസ്വാതന്ത്ര്യം എന്നിരിക്കെ, തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള അടിസ്ഥാനപാഠമാണ് പഠിക്കേണ്ടത്. കുഴിമന്തിയും ഷവർമയും കഴിക്കാത്തവർ 'ഇതേത് ലോകത്താണ് ജീവിക്കുന്നത്' എന്നതു പോലുള്ള ചോദ്യങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. അത്രതന്നെ!.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |