പാലക്കാട്: ഇന്നലെ നടന്ന ശക്തിപ്രകടനത്തിന് കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിന് മറുപടിയുമായി പിവി അൻവർ എംഎൽഎ രംഗത്ത്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ ) റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റിയെന്നാണ് അൻവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
കൂലിക്ക് ആളെ ഇറക്കിയ സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും അൻവർ കൂട്ടിച്ചേർത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിന്റെ സ്ഥാനാർത്ഥിത്വമാണ് ഡിഎംകെ ഇന്നലെ പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുമെന്നും അൻവർ അറിയിച്ചിരുന്നു. ഒരുപാധിയുമില്ലാതെ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നതായി അൻവർ കൺവെൻഷനിൽ പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുമ്പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |