തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി.സിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കാൻ സർക്കാർ പയറ്റിയ അതേ തന്ത്രമുപയോഗിച്ചാണ് ആരോഗ്യ വാഴ്സിറ്റി വി.സിയായി ഡോ.മോഹനൻ കുന്നുമ്മേലിനെ ഗവർണർ പുനർ നിയമിച്ചത്.
കണ്ണൂർ വാഴ്സിറ്റിയിൽ പുതിയ വി.സി നിയമനത്തിനിറക്കിയ വിജ്ഞാപനം പിൻവലിച്ചാണ്, മുഖ്യമന്ത്രിയുടെയും മന്ത്രി ആർ.ബിന്ദുവിന്റെയും സമ്മർദ്ദ പ്രകാരം ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത്. ചാൻസലറാണ് സർവകലാശാലയുടെ പരമാധികാരിയെന്നും
ചാൻസലർക്കു മേൽ സർക്കാരിന്റെ നിരന്തര സമ്മർദ്ദം ക്രമക്കേടിനും അപ്പുറമാണെന്നും
രാഷ്ട്രീയ മേധാവിയുടെ സമ്മർദ്ദമായേ കാണാനാകൂ എന്നും ചൂണ്ടിക്കാട്ടിയാണ് പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. എന്നാൽ, പുനർ നിയമനം അനുവദനീയമാണെന്നും സുപ്രീംകോടതി ഈ ഉത്തരവിൽ വ്യക്തമാക്കി. പദവിയിലിരിക്കുന്നയാൾ സ്ഥാപനത്തിന് മുതൽക്കൂട്ടാണെന്നും, അദ്ദേഹം ഇരുന്ന കാലയളവിൽ അസാധാരണ മികവ് പ്രകടിപ്പിച്ചുവെന്നും കണ്ടാൽ ഒന്നിലധികം തവണ നിയമനം നൽകാമെന്നായിരുന്നു ഉത്തരവ്. അറുപത് കഴിഞ്ഞവരെ വി.സിമാരായി നിയമിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ആദ്യ നിയമനത്തിൽ മാത്രമാണ് ബാധകമെന്നും പുനർ നിയമനത്തിൽ ബാധകമല്ലെന്നും ഉത്തരവിലുണ്ടായിരുന്നു.
സെലക്ഷൻ കമ്മിറ്റി ഒഴിവാക്കി ഡോ.മോഹനൻ കുന്നുമ്മേലിനെ പുനർ നിയമിക്കാനും ഗവർണർക്ക് തുണയായത് സുപ്രീം കോടതി ഉത്തരവാണ്. പുനർ നിയമനത്തിന് പ്രത്യേക നടപടിക്രമമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. വി.സിമാരുടെ പുനർ നിയമനത്തിന് പ്രത്യേക നടപടിക്രമങ്ങൾ യു.ജി.സി ചട്ടങ്ങളിലില്ല. പുനർ നിയമനം ചാൻസലർക്ക് സ്വതന്ത്രമായി ചിന്തിച്ച് തീരുമാനിക്കാമെന്നാണ് കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വി.സി നിയമനത്തിന് നേരത്തേയുണ്ടാക്കിയ സെർച്ച് കമ്മിറ്റി പിൻവലിച്ച് ഗവർണർ പുനർ നിയമനം നടത്തിയത്.
കേരള വി.സി ചുമതലയ്ക്ക്
പിന്നാലെ മന്ത്രിയുടെ
പാനൽ രാജ്ഭവനിൽ
തിരുവനന്തപുരം: പുനർനിയമനം നൽകിയ ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മേലിന് കേരള സർവകലാശാലാ വി.സിയുടെ ചുമതല കൈമാറി ഗവർണർ ഉത്തരവിറക്കിയതിന് പിന്നാലെ, മന്ത്രി ആർ.ബിന്ദു ഇതിനായുള്ള തന്റെ പാനൽ രാജ്ഭവനിലെത്തിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ന് ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പാണ് ഗവർണർ ചുമതല കൈമാറാനുള്ള ഫയലിലൊപ്പിട്ടത്. വൈകിട്ട് നാലോടെ രാജ്ഭവൻ ഉത്തരവിറക്കി. അതിനു ശേഷമാണ് മന്ത്രിയുടെ പാനൽ രാജ്ഭവനിൽ എത്തിച്ചത്. പ്രൊഫസർമാരായ ഡോ: ജയചന്ദ്രൻ (എംജി സർവകലാശാല), ഡോ:പി.പി. പ്രദ്യുമ്നൻ, (കാലിക്കറ്റ്), ഡോ കെ ശ്രീജിത്ത് (കണ്ണൂർ) എന്നിവരുടെ പേരുകളാണ് പാനലിലുള്ളത്. കാലിക്കറ്റ്,കുസാറ്റ് സർവകലാശാലകളിലെ വി.സി ചുമതല നൽകാൻ മന്ത്രി നൽകിയ പാനൽ ഗവർണർ തള്ളിയിരുന്നു. കേരളയിൽ പുതിയ വിസിയെ നിയമിക്കുന്നത് വരെ സർക്കാരിന്റെ പാനലിൽ നിന്ന് ചുമതല കൈമാറണമെന്നാണ് മന്ത്രിയുടെ ആവശ്യം.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി ആർ.ബിന്ദു വാർത്താക്കുറിപ്പിൽ അറിയിച്ചു. മുമ്പ് വിസിമാരുടെ പുനർനിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയ ചാൻസലർ ഇപ്പോൾ തന്റെ ഇംഗിതത്തിനനുസരിച്ച് നിൽക്കുന്ന വി.സിയെ പുനർനിയമിച്ചു. ഇത് നിർഭാഗ്യകരമാണ്. ഭരണഘടനയുടെ 246 (3) അനുച്ഛേദ പ്രകാരം സംസ്ഥാന സർവകലാശാലകൾ സംബന്ധിച്ച് നിയമനിർമ്മാണം നടത്തുന്നതിന് നിയമസഭയ്ക്കുള്ള അധികാരം വരെ ചോദ്യം ചെയ്യുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.
ഗവർണറുടേത് സ്ഥിരം വി.സി
പാടില്ലെന്ന നിർബന്ധബുദ്ധി: മന്ത്രി ബിന്ദു
തിരുവനന്തപുരം: സർവകലാശാലകളിൽ സ്ഥിരം വൈസ്ചാൻസലർമാർ പാടില്ലെന്ന നിർബന്ധബുദ്ധിയാണ് ഗവർണർക്കെന്നും ഇത് കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.സി നിയമനത്തിന് നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച് ഗവർണറാണ് നിയമനങ്ങൾ വൈകിപ്പിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് സർക്കാരിന് പിന്തുണ നൽകേണ്ടവർ അതിന് വിരുദ്ധമാകുന്നത് നിർഭാഗ്യകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |