കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.
കോടതി വിധി വരുന്നതുവരെ കാത്തിരിക്കാതെ, ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തിന്റെ തലവനായി ചുമതലയേറ്റ കമ്മീഷണർ അജിത് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ എങ്ങോട്ട് പോയി, വ്യാജ പരാതിയുടെ ഉറവിടം, അഴിമതി, ബിനാമി ആരോപണങ്ങൾ തുടങ്ങിയവയും പ്രത്യേക സംഘം അന്വേഷിക്കും.
നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ദിവ്യയുടെ അധിക്ഷേപമാണെന്ന് പകൽപോലെ വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ആദ്യം കേസന്വേഷിച്ചിരുന്ന കണ്ണൂർ ടൗൺ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരിയെയും സംഘത്തിൽ ഉൾപ്പെടുത്തി. ദിവ്യയ്ക്ക് ഒളിവിൽ കഴിയാൻ ശ്രീജിത് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടെയാണിത്.
കണ്ണൂർ റേഞ്ച് ഡിഐജി രാജ്പാൽ മീണ സംഘത്തിന് മേൽനോട്ടം വഹിക്കും. കണ്ണൂർ എസിപി രത്നകുമാർ, ഇൻസ്‌പെക്ടർ സനൽകുമാർ, എസ്‌ഐമാരായ സവ്യസാചി, രേഷ്മ, എഎസ്‌ഐ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |