തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തൃശൂരിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിധി വന്നതിന് ശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്നും യോഗം തീരുമാനിച്ചു. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ നിയമപരമായി മുന്നോട്ടുപോകട്ടെ എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. അതേസമയം, കൂറുമാറ്റത്തിന് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയായില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റിയത് സംഘടന നടപടിയുടെ ഭാഗമാണ്. ഇനിയുള്ള കാര്യങ്ങൾ നിയമപരമായ നടപടികൾക്ക് ശേഷം പരിഗണിക്കാമെന്ന തരത്തിലാണ് ചർച്ച നടന്നത്. ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കോടതി തീരുമാനത്തിന് അനുസരിച്ച് തുടർനടപടികളിലേക്ക് കടക്കും.
നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് ദിവ്യയുടെ അധിക്ഷേപമാണെന്ന് പകൽപോലെ വ്യക്തമായിട്ടും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകവെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. നിലവിൽ അന്വേഷിക്കുന്ന കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത് കൊടേരിയെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിവ്യയ്ക്ക് ഒളിവിൽ കഴിയാൻ ശ്രീജിത് ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാറാണ് പുതിയ സംഘത്തലവൻ. കണ്ണൂർ റേഞ്ച് ഡി.ഐ.ജ രാജ്പാൽ മീണ മേൽനോട്ടം വഹിക്കും. കണ്ണൂർ എ.സി.പി രത്നകുമാർ, ഇൻസ്‌പെക്ടർ സനൽകുമാർ, എസ്.ഐമാരായ സവ്യസാചി, രേഷ്മ, എ.എസ്.ഐ ശ്രീജിത്ത് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.
അന്വേഷണ സംഘം പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴിയെടുത്തു. മുതിർന്ന സി.പി.എം നേതാക്കളുമായി ഇയാൾക്ക് ബന്ധമുണ്ട്. ഇയാളാണ് പ്രശാന്തനെക്കൊണ്ട് പെട്രോൾ പമ്പിന് അപേക്ഷിച്ചതെന്ന് ആരോപണമുണ്ട്. അതേസമയം, ദിവ്യയുടെ ബിനാമിയല്ല പ്രശാന്തനെന്ന് സ്ഥാപിക്കാനുള്ള നീക്കമാണെന്ന ആക്ഷേപവും ഉയരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |