അടുത്തകാലത്തായി കാനഡയിലും യു കെ യിലും പാർട്ട്ടൈം തൊഴിൽ, പോസ്റ്റ് സ്‌റ്റഡി തൊഴിൽ വിസ എന്നിവ ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വിദേശ പഠനത്തോടുള്ള വിദ്യാർത്ഥികളുടെ താല്പര്യം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കാനഡയിലുള്ള നയതന്ത്ര പ്രശ്നങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ പഠനച്ചെലവിലും, വാടകയിനത്തിലും വൻ വർദ്ധനവുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും കാനഡയിൽ കുറവാണ്.
കാനഡയിൽ പി ആറിനും, തൊഴിലിനും, പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്കും വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. കാനഡയിലേക്ക് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ പ്രാവീണ്യ പരീക്ഷയിൽ മികച്ച സ്കോർ നേടണം. ലോക റാങ്കിംഗ് വിലയിരുത്തി സർവകലാശാലകൾ തിരഞ്ഞെടുക്കണം. മികച്ച അക്കാഡമിക് മെരിറ്റും ആവശ്യമാണ്.
ഭാവി തൊഴിലുകൾ ലക്ഷ്യമിട്ട ഇന്നവേഷനുകൾ, സ്കിൽ വികസന പ്രോഗ്രാമുകൾ, സാങ്കേതിക വിദ്യ, മികച്ച അക്കാഡമിക്, ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, ഇന്റേൺഷിപ്, പ്ലേസ്മെന്റ്, അസിസ്റ്റൻറ് ഷിപ് പ്രോഗ്രാമുകൾ എന്നിവ ലക്ഷ്യമിട്ടാണ് വിദ്യാർത്ഥികൾ വിദേശ പഠനത്തിന് തയ്യാറെടുക്കുന്നത്. ക്രെഡിറ്റ് ട്രാൻസ്‌ഫർ സൗകര്യം, താത്പര്യത്തിനും, അഭിരുചിക്കുമിണങ്ങിയ പുത്തൻ കോഴ്‌സുകൾ എന്നിവ വിദേശ സർവ്വകലാശാലകളിലുണ്ട്. ഉപരിപഠനത്തിനായി വിദേശരാജ്യം തിരഞ്ഞെടുക്കുമ്പോൾ ഉപരിപഠന മേഖലയ്ക്കിണങ്ങിയ രാജ്യം കണ്ടെത്തുന്നത് മികച്ച വിജയം കൈവരിക്കാൻ സഹായിക്കും.
കാലത്തിനൊത്ത കോഴ്സുകളും, അനുകൂലമായ ഗവേഷണ, തൊഴിലവസരങ്ങൾ നമ്മുടെ നാട്ടിൽ സൃഷ്ടിച്ചാൽ വിദേശത്തു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ഘട്ടം ഘട്ടമായി കുറയ്ക്കാനാവും. പ്ലസ് ടു വിനു ശേഷം അണ്ടർ ഗ്രാജ്വേറ്റ് പഠനത്തിന് കൂടുതൽ വിദ്യാർത്ഥികൾ താത്പര്യപ്പെടുന്നതിനാൽ, രാജ്യത്ത് ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർട്ട്ടൈം സ്കോളർഷിപ്പുകളുണ്ട്. യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്കോളർഷിപ്പുകൾ, മെറിറ്റ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും.
എന്നാൽ വിദേശ രാജ്യങ്ങളിൽ പോസ്റ്റ് സ്റ്റഡി വർക്ക് വിസ, തൊഴിൽ, പാർടൈം തൊഴിൽ എന്നിവയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നു. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, മികച്ച താമസ സൗകര്യത്തിന്റെ അഭാവം എന്നിവ യു കെ, കാനഡ, യൂറോപ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്നു. മികച്ച സർവ്വകലാശാലകളുമായി ചേർന്നുള്ള ട്വിന്നിങ്, ജോയിന്റ്, ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കാൻ ഇന്ത്യൻ സർവ്വകലാശാലകൾ കൂടുതൽ താല്പര്യം പ്രകടിപ്പിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |