കൊല്ലം: കേരളകൗമുദിയുടെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ 'വേദാമൃതം 24' എന്ന പേരിൽ, ദേശീയ ആയുർവേദ ദിനമായ നാളെ ഉച്ചയ്ക്ക് 2ന് കൊല്ലം സീ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തുന്ന ദേശീയ ആയുർവേദ സെമിനാർ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെയും ആയുഷ് ചികിത്സാ വിഭാഗങ്ങളുടെയും പ്രസക്തിയും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ചികിത്സാ സൗകര്യങ്ങൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് പ്രോഗ്രാം മാനേജർ ഡോ. കെ.സി. അജിത്കുമാർ വിശദീകരിക്കും.
വിവിധ വിഷയങ്ങളിൽ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലെ ഡോ. എം.എസ്. ദീപ, മാഹി ഗവ. രാജീവ്ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ദീപ്തി സുരേഷ്, ആരോഗ്യരക്ഷാമണി- വിഹാര ആയുർവേദ കോസ്‌മെറ്റോളജി സെന്ററിലെ സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് ഡോ. എച്ച്.എസ്. ദർശന, കരുനാഗപ്പള്ളി അമൃത ആയുർവേദ കോളേജിലെ ഡോ. വി. ശ്രീദേവി, ഡോ. പാർവതി ഉണ്ണിക്കൃഷ്ണൻ, യോഗ-ആയുർവേദ കൺസൾട്ടന്റും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. സൗമ്യ അജിൻ എന്നിവർ പ്രഭാഷണം നടത്തും.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.പൂജ സെമിനാർ അവലോകന പ്രഭാഷണം നടത്തും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം കളക്ടർ എൻ. ദേവിദാസ് ഉദ്ഘാടനം ചെയ്യും. ആയുർവേദ ഡി.എം.ഒ എ.അഭിലാഷ് മുഖ്യാതിഥിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |