കണ്ണൂർ: ചെറുകുന്നിലെ പുന്നശ്ശേരി സെന്റ് മേരീസ് എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയ മന്ത്രി ഇ.പി ജയരാജൻ അപ്രതീക്ഷിതമായാണ് ഒരാളെ കണ്ടത്. കുപ്പം സ്വദേശി റജീന. അടുത്തേക്ക് ഓടിയെത്തി കൈപിടിച്ച് റജീന പറഞ്ഞു 'ഞങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ ക്യാമ്പ്. വീട്ടിൽ വെള്ളം കയറിയപ്പോഴാണ് ഇങ്ങോട്ട് വന്നത്. വിഷമം ഉണ്ടെങ്കിലും ഇവിടെ ഞങ്ങൾക്ക് ഒരു കുറവുമില്ല. അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുണ്ട്. ഈ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്.''
ഇത് കേട്ട് മന്ത്രി ചോദിച്ചു, 'നീ എന്റെ പഴയ സഹപാഠിയല്ലേ' എന്നായിരുന്നു. അതെ എന്നു മറുപടി. ചെറുകുന്ന് സർക്കാർ ഹൈസ്കൂളിൽ ഇ.പി ക്കൊപ്പം പഠിച്ചതാണ് റജീന. ഒരാൾ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ തീപ്പൊരിയാണെങ്കിൽ മറ്റേയാൾ കെ.എസ്.യു നേതാവ്. ക്ലാസ് പാർലമെന്റിൽ ഇ.പി ജയരാജനെന്ന വിദ്യാർത്ഥി നേതാവ് തങ്ങളെ വെള്ളം കുടിപ്പിക്കുമായിരുന്നുവെന്ന് റജീന പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിലും വാക്കുകളിലുമുള്ള ആ ഉശിര് കണ്ടപ്പോൾ ഉയരങ്ങളിൽ എത്തുമെന്ന് അന്നേ തോന്നിയിരുന്നു. രാഷ്ട്രീയ എതിർപ്പിനിടയിലും സഹോദരതുല്യസ്നേഹമാണ് അന്നുണ്ടായിരുന്നത്. ഇന്നും അതു പോലെ തന്നെ, ഒരു മാറ്റവുമില്ല- റജീന പറഞ്ഞു. റജീന ഇന്ന് സി.പി.എമ്മിനൊപ്പമാണ്. ഏക മകൾ നിഷ ബ്രാഞ്ചംഗവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |