
കോഴിക്കോട്: എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ അസ്ഥികൾ വിജിലിന്റേതെന്ന് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം. ചുങ്കം സ്വദേശി വേലത്തിപ്പടിക്കൽ കെ.ടി.വിജിലിന്റെ പാന്റ്സും, ബെൽറ്റും മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കയറും ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. ചതുപ്പിന്റെ രണ്ടര മീറ്റർ താഴ്ചയിൽ നിന്നും മൃതദേഹത്തിന്റെ തലയോട്ടി ഒഴികെയുള്ള 53 അസ്ഥികളാണ് കണ്ടെടുത്തത്.
കേസിൽ അറസ്റ്റിലായ വാഴാത്തി സലരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടത്തിയത്. തെരച്ചിലിൽ വിജിലിന്റേതെന്ന് കരുതപ്പെടുന്ന ലെതർ ഷൂവും, ആറു വർഷം മുമ്പ് പ്രതികൾ ഒളിപ്പിച്ച വിജിലിന്റെ ബൈക്കും കണ്ടെത്തിയിരുന്നു.
2019 മാർച്ച് 24നാണ് വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപടിക്കൽ വിജയന്റെ മകൻ വിജിലിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ എലത്തൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം ഏപ്രിലിൽ വീണ്ടും കേസന്വേഷിച്ചതോടെയാണ് ബ്രൗൺഷുഗർ ഉപയോഗത്തിനിടെ വിജിൽ മരിച്ചതായും മൃതദേഹം ചതുപ്പിൽ താഴ്ത്തിയതായും പ്രതികൾ മൊഴി നൽകിയത്. നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ മറ്റൊരു പ്രതിയായ രഞ്ജിത്തിനെ തെലങ്കാനയിൽവച്ച് പൊലീസ് പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |