തിരുവനന്തപുരം: സർ, ബത്തേരി - കോഴിക്കോട് സർവീസ് ആരംഭിച്ചോ?
'യെസ് '
കോഴിക്കോട് - കോട്ടയം ബസ് ഇപ്പോഴുണ്ടോ?
'ഉണ്ട് '
'ഞാൻ തൃശൂർ ഡിപ്പോയിൽ നിൽക്കുകയാണ്. ആലപ്പുഴയ്ക്ക് പോകണം. ട്രെയിനുമില്ല ബസുമില്ല..."
''മാഡം വിഷമിക്കേണ്ട, അര മണിക്കൂറിനുള്ളിൽ പാലക്കാട് നിന്നു സൂപ്പർ ഫാസ്റ്റ് അവിടെ എത്തും''.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിക്കിടന്ന കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയുടെ വാട്സ് ആപ്പ് നമ്പരിൽ വന്ന സന്ദേശങ്ങളിൽ ചിലതും അതിന്റെ മറുപടിയുമാണിത്. സന്ദേശങ്ങൾ അയച്ചവരിൽ മിക്കവരും ട്രെയിനുകളെയും സ്വകാര്യ ബസുകളെയുമൊക്കെ സ്ഥിരമായി ആശ്രയിക്കുന്നവരാണ്. 'ആനവണ്ടി'യെന്ന് കളിയാക്കിയിരുന്ന കെ.എസ്.ആർ.ടി.സിയെ പ്രളയ ദിനങ്ങളിൽ യാത്രക്കാരുടെ രക്ഷയ്ക്കുണ്ടായിരുന്നുള്ളൂ.
സോഷ്യൽ മീഡിയ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് കണ്ടാണ് കോർപറേഷൻ വാട്സ് ആപ്പും ഫേസ്ബുക്കും ഉപയോഗിച്ചത്. 8129562972 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് ഒരു മിനിട്ടിൽ എട്ടുവരെ സന്ദേശമാണ് ലഭിച്ചുകൊണ്ടിരുന്നത്. ദിവസം 25,000 മുതൽ 30,000 വരെ സന്ദേശങ്ങൾ. വിവരം തിരക്കി വേഗം മറുപടി നൽകാൻ പ്രത്യേക പരിശീലനം നൽകി ആറു ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു സമയം രണ്ടു പേർ ഡ്യൂട്ടിയിലുണ്ടാകും.
വിമാന സർവീസുകൾ റദ്ദാക്കിയപ്പോഴും കൊച്ചിയിൽ ലാൻഡ് ചെയ്യേണ്ടത് തിരുവനന്തപുരത്ത് എത്തിയപ്പോഴുമൊക്കെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുകയും ഹെൽപ്പ് ഡെസ്ക് തുറക്കുകയും ചെയ്തു. കുവൈറ്റ് എയർവേസ് ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ സോഷ്യൽ മീഡിയ സെല്ലിനെ ആശ്രയിച്ചു. യാത്രാസൗകര്യമൊരുക്കിയതിന് പലരും സന്തോഷം അറിയിക്കുകയും ചെയ്തു.
പരാതിക്കും പരിഹാരം ഉടനടി
യാത്രാവിവരം സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകാൻ കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക്, വാട്‌സ ആപ്പ് അക്കൗണ്ടുകൾ തുറന്നത് കഴിഞ്ഞ ജൂലായിലാണ്. പ്രളയമെത്തിയതോടെ ഇത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്വേഷണ കൗണ്ടറുകളാക്കി മാറ്റി. www.facebook.com/keralastateroadtransportcorporation ആണ് ഫേസ്ബുക്ക് അക്കൗണ്ട്. ദീർഘദൂര ബസുകളുടെ സമയം, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങളൊക്കെ ലഭ്യമാക്കും. യാത്രയ്ക്കിടെ ഉണ്ടാകുന്ന പരാതികൾക്ക് പരിഹാരം കാണാനും ഈ സംവിധാനം പ്രയോജനപ്പെടുന്നു. പരാതികൾ മേലുദ്യോഗസ്ഥർക്ക് അപ്പപ്പോൾ കൈമാറി നടപടി ഉറപ്പാക്കുകയാണ്. പൊലീസ് സൈബർ സെല്ലിൽ പരിശീലനം നേടിയവരെയാണ് സോഷ്യൽ മീഡയ സെല്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെല്ലിൽ നിന്നുള്ള വിവരങ്ങളും പരാതികളും ട്രാഫിക്, ഓപ്പറേഷൻ വിഭാഗങ്ങൾക്കും എം.ഡിക്കും കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |