സന്തോഷ് പണ്ഡിറ്റ് ഒരു കുറ്റവാളിയാണോ എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. വെറും അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്ന സന്തോഷിനെ എന്തുകൊണ്ടാണ് പലരും വിമർശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അഷ്‌റഫ് പറഞ്ഞു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
'കഥ,തിരക്കഥ, അഭിനയം, ഗാനരചന തുടങ്ങിയവ വെറും അഞ്ച് ലക്ഷത്തിന് ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് കുറ്റവാളിയാണോ? അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ ഡയലോഗുണ്ട്. 'ക്രീ ബിസ്കറ്റിൽ ക്രീമുണ്ടാകാം, പക്ഷെ ടൈഗർ ബിസ്ക്കറ്റിൽ ടൈഗർ ഉണ്ടാകില്ല'.കോടികൾ മുടക്കി സിനിമ എടുക്കുന്നവർക്കുളള മറുപടി അയാളുടെ ഈ ഡയലോഗിൽ തന്നെയുണ്ട്. സന്തോഷിനെ പൊതുസമൂഹത്തിന് മുന്നിൽ ആക്ഷേപിക്കുന്നവരും അപമാനിക്കുന്നവരും ഒന്നോർക്കണം. അയാൾ സിനിമാരംഗത്തേക്ക് കടന്നുവന്നശേഷം പീഡനക്കേസിലോ മയക്കുമരുന്നുക്കേസിലോ പ്രതിയാകുകയോ ചെയ്തിട്ടില്ല.
അയാൾ ആകെ ചെയ്ത തെറ്റ് അഞ്ച് ലക്ഷം രൂപയ്ക്ക് സിനിമയെടുത്തു എന്നതാണ്, കോട്ടിട്ടു. കൂളിംഗ് ഗ്ലാസ് വച്ചു ഇതൊക്കെയാണ് അയാളുടെ പേരിലുളള കുറ്റാരോപണങ്ങൾ.സന്തോഷിനെ ഒറ്റപ്പെടുത്തി ആക്ഷേപിച്ച ഒരുപാട് കലാകാരൻമാരുണ്ട്. എന്നാൽ മനസാക്ഷിയുളള സമൂഹം അയാൾക്കൊപ്പമായിരുന്നു. ഒരു ചെറിയ കലാകാരൻ എന്ന നിലയിൽ അദ്ദേഹം സമൂഹത്തിനായി ജവകാരുണ്യപ്രവർത്തനങ്ങൾ ഒരുപാട് ചെയ്യുന്നുണ്ട്. കുടിവെളളം കിട്ടാത്തവർക്ക് അത് ലഭ്യമാക്കാനുളള കാര്യങ്ങൾ ചെയ്യുക, സഹോദരിമാർക്ക് തയ്യൽമെഷീനുകൾ വാങ്ങി കൊടുക്കുക തുടങ്ങിവയുണ്ട്.
പലരും കോമാളിയെന്ന് മുദ്രകുത്തിയ സന്തോഷിനെ പല ബുദ്ധിജീവികളും വിളിച്ചുവരുത്തി അഭിമുഖങ്ങളിൽ അപമാനിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം ചുട്ടമറുപടി കൊടുക്കുന്നതും നാം കാണുന്നുണ്ട്. അദ്ദേഹവുമായുളള എന്റെ അനുഭവകഥ ഞാൻ പങ്കുവയ്ക്കാം. ഒരിക്കൽ ഞാൻ തിരുവനന്തപുരത്ത് ഒരു ഹോട്ടലിൽ എന്റെ സുഹൃത്തുമായി താമസിക്കുകയായിരുന്നു. അയാളൊരു നിർമാതാവാണ്. സന്തോഷ് പണ്ഡിറ്റ് ഇങ്ങോട്ടേക്ക് വരുന്നുണ്ട്. അദ്ദേഹത്തിനെ വേറെ മുറി കൊടുക്കണമോ അതോ ഈ മുറിയിൽ തന്നെ കിടത്തണോയെന്ന് സുഹൃത്ത് ചോദിച്ചു. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു.
സന്തോഷ് എന്തിനാ വരുന്നതെന്ന് ഞാൻ അയാളോട് ചോദിച്ചു. ഒരു ചാനലിൽ എന്തോ പ്രശ്നം നടന്നു. അതിൽ സന്തോഷിന് വലിയ സങ്കടമുണ്ട്. അങ്ങനെയാണ് വരുന്നതെന്ന് എന്നോട് പറഞ്ഞു. അങ്ങനെ സന്തോഷുമായി ഞാൻ പരിചയപ്പെട്ടു. അയാൾ വലിയ ദുഃഖത്തിലായിരുന്നു. ഞാൻ സന്തോഷിനോട് കാര്യം തിരക്കി. ഒരു പ്രമുഖ ചാനലിലെ പരിപാടിക്കാണ് താൻ പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തെത്തിയത്. ആ പരിപാടിയിൽ പങ്കെടുക്കാൻ നടൻ ബാബുരാജും ഉണ്ടായിരുന്നു. സന്തോഷുണ്ടെങ്കിൽ ബാബുരാജ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതായി അറിഞ്ഞു. ചാനലുകാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. ചാനലുകാർ എത്ര പറഞ്ഞിട്ടും ബാബുരാജ് സമ്മതിച്ചില്ല. ഒടുവിൽ ചാനലുകാർ സന്തോഷിനെ സമാധാനിപ്പിച്ച് 5000 രൂപയും കൊടുത്ത് തിരികെ അയച്ചു.ഇതാണ് പ്രശ്നം.
അന്ന് രാത്രി ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചാണ് ഉറങ്ങിയത്. പിറ്റേന്ന് ഞാനാണ് സന്തോഷിന് ബസ് കയറാനായി തമ്പാനൂർ എത്തിച്ചത്. അവിടെ വച്ച് സന്തോഷുമായി സെൽഫി എടുക്കാൻ ഒരുപാട് കോളേജ് കുട്ടികൾ ഒപ്പം കൂടി. അത് കണ്ട് എനിക്ക് സന്തോഷമായി. അന്ന് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച പല വലിയ താരങ്ങളും ഇന്ന് അദ്ദേഹത്തോടൊപ്പം വേദി പങ്കിടുന്നത് ഞാൻ കാണുന്നുണ്ട'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |