ആറ്റിങ്ങൽ: ഓട നിർമ്മാണത്തിനായി ആറ്റിങ്ങൽ പാലസ് റോഡ് പൂർണമായി അടച്ചതോടെ പട്ടണത്തിലെ ദേശിയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മുന്നൊരുക്കമില്ലാതെ പാലസ് റോഡ് അടച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് വ്യാപാരികൾ ആരോപിച്ചു. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽ പാലസ് റോഡിന് കുറുകെയുണ്ടായിരുന്ന പഴയ ഓട അടഞ്ഞതോടെ നിത്യവും റോഡിന്റെ വശങ്ങളിലെ ഓട നിറഞ്ഞ് മലിനജലം മാസങ്ങളായി റോഡിലേയ്ക്കൊഴുകുന്നതും കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. ഇതിന് ശാശ്വതപരിഹാരമായി പുതിയ ഓട നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച പാലസ്റോഡ് അടച്ച് ഓടനിർമ്മാണം ആരംഭിച്ചത്. 14 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. 7 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ഓട പൂർണമായും അടഞ്ഞുകിടക്കുന്നത് ജൂണിലാണ് നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയത്. വാഹനങ്ങൾ വഴി തിരിച്ചുവിടാൻ വേണ്ട ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ നടത്തിയില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. കിഴക്കേ നാല്മുക്കിലും ഗേൾസ് ജംഗ്ഷനിലും വാഹനങ്ങൾ വഴി തിരിച്ചുവിടാൻ വേണ്ട ക്രമീകരണങ്ങൾ ഇല്ലാതിരുന്നു. ഇത് പട്ടണത്തിൽ വൻഗതാഗതക്കുരുക്കിന് കാരണമായി. ദേശീയപാതയിൽ രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകിട്ടും തുടരുകയാണ്.
പൂർത്തിയാക്കാൻ - 14 ദിവസം
നിർമ്മാണച്ചെലവ് - 7 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |