തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടെ മരണപ്പെട്ടാൽ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം അഞ്ചു ദിവസത്തിനകം നൽകണമെന്ന കേന്ദ്രനിർദ്ദേശം രണ്ടു വർഷമായിട്ടും സംസ്ഥാനത്ത് നടപ്പായില്ല. സംസ്ഥാനത്തിന് ബാദ്ധ്യത ഇല്ലാതെ കേന്ദ്ര ഫണ്ടിൽ നിന്ന് നൽകുന്ന തുകയാണിത്. എന്നിട്ടും ഉദ്യോഗസ്ഥ അലംഭാവമാണ് വിലങ്ങുതടിയാകുന്നത്.
കേന്ദ്ര നിർദ്ദേശത്തിന്മേൽ അടയിരുന്ന സംസ്ഥാന തൊഴിലുറപ്പ് മിഷൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനായുള്ള ഫയൽ നീക്കം തുടങ്ങിയത്. സമ്മർദ്ദം ചെലുത്താൻ തൊഴിലാളികൾക്ക് സ്വാധീനമില്ലാത്തതിനാൽ നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. ഇൻഷ്വറൻസ് പരിരക്ഷയോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനാൽ തൊഴിലുറപ്പ് തൊഴിലാളി കുടുംബത്തിന് ആകെ ലഭിക്കുന്ന ധനസഹായത്തിലാണ് ഈ മെല്ലെപ്പോക്ക്.
ആം ആദ്മി ബീമാ യോജന പ്രകാരമുള്ള 75,000 രൂപ മാത്രമാണ് ഇപ്പോഴും നൽകുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കിടയിൽ മരണപ്പെട്ടാലോ അപകടത്തിൽ സ്ഥിരമായ അംഗവൈകല്യം സംഭവിച്ചാലോ ബന്ധപ്പെട്ടവർക്ക് രണ്ടുലക്ഷം രൂപ നൽകണമെന്ന് 2022ലാണ് കേന്ദ്രം നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരമാണിത്. അഞ്ചുദിവസത്തിനുള്ളിൽ തുക ബന്ധപ്പെട്ട പഞ്ചായത്ത് നൽകുകയും തുടർന്ന് കേന്ദ്ര ഫണ്ടിൽ നിന്ന് പഞ്ചായത്തിന് തിരികെ നൽകണമെന്നുമായിരുന്നു നിർദ്ദേശം.
75,000 രൂപയിലും മുടക്കം
1.നിലവിൽ നൽകുന്ന 75,000രൂപ യഥാസമയം നൽകുന്നില്ലെന്ന് പരാതി
2.തൊഴിലാളികളുടെ ആശ്രിതരെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മടക്കി അയയ്ക്കുന്നു
3.ഇതുസംബന്ധിച്ച പരാതികൾ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന് മുന്നിലുണ്ട്
ഈ മാസം 10 മരണം
ഈ മാസം സംസ്ഥാനത്ത് 10 തൊഴിലുറപ്പ് തൊഴിലാളികളാണ് ജോലിക്കിടെ മരിച്ചത്. തിരുവനന്തപുരം ആര്യനാട് സ്വദേശി ലീല(55), വെമ്പായം സ്വദേശി ഷീബ (54) അരുവിക്കര സ്വദേശി സുശീല (63), മാറനല്ലൂർ സ്വദേശി വൽസമ്മ (67), ഇടവ സ്വദേശി ചന്ദ്രബാലൻ (59),വർക്കല സ്വദേശി സരിത (35), തൃശൂർ കടപ്പുറം പഞ്ചായത്തിൽ സീനത്ത് (54), കണ്ണൂർ രാമന്തളിയിൽ ശോഭന (54), യശോദ(68), ശ്രീലേഖ (48).
20,44,453
ആകെ തൊഴിലുറപ്പ് കുടുംബങ്ങൾ
24,29,587
ആകെ തൊഴിലാളികൾ
19,16,779
വനിതകൾ
5,12,808
പുരുഷൻമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |