കൊച്ചി: യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് 5.25ന് ആണ് വിയോഗമുണ്ടായത്. കഴിഞ്ഞ ആറു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു.
ദശാബ്‌ദങ്ങളായി തുടരുന്ന യാക്കോബായ-ഓർത്തഡോക്‌സ് സഭാ പള്ളിത്തർക്കത്തിൽ യാക്കോബായ സഭയെ പ്രതിസന്ധിയിൽ നിന്ന് മുന്നോട്ട് നയിച്ചതിന്റെ അമരക്കാൻ കൂടിയായിരുന്നു തോമസ് പ്രഥമൻ കാതോലിക്ക ബാവ. ആരോഗ്യ പ്രശ്നങ്ങളാൽ 2019 മുതൽ അദ്ദേഹം സഭാ നേതൃത്വത്തിലോ ഭരണത്തിലോ ഉണ്ടായിരുന്നില്ല.
1929 ജൂലായ് 22 ന് പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനനം. 1958 ഒക്‌ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ൽ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലായ് 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |