ന്യൂഡൽഹി: കരകൗശല തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കൊപ്പം ദീപാവലി ആഘോഷിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തൊഴിലാളികൾക്കൊപ്പം സംസാരിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വീഡിയോ രാഹുൽ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. 'നമുക്ക് അവരുടെ ജീവിതം മനസിലാകുന്നില്ല. അതിനാൽ ഇത്തവണ ദീപാവലി ആഘോഷിക്കും മുമ്പ് അവരുടെ പ്രശ്നങ്ങൾ അറിയാനും അതിനെക്കുറിച്ച് സംസാരിക്കാനും തീരുമാനിച്ചു"- എക്‌സിലും യൂ ട്യൂബിലും പങ്കിട്ട വീഡിയോയ്ക്കൊപ്പം രാഹുൽ കുറിച്ചു. കരകൗശല കലാകാരന്മാർക്കൊപ്പം സമയം ചെലവഴിച്ചു. കളിമൺ വിളക്കുകൾ നിർമ്മിച്ചുനോക്കി.
അവരുടെ ജോലി സൂക്ഷ്മമായി നിരീക്ഷിച്ചു. പഠിക്കാൻ ശ്രമിച്ചു. അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കിയെന്നും രാഹുൽ കുറിച്ചു. അനന്തരവൻ റൈഹാൻ വാധ്രയും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഡൽഹിയിലെ ജൻപഥ് 10ൽ ചില തൊഴിലാളികളെ രാഹുൽ ഗാന്ധിയും റൈഹാനും സഹായിക്കുന്നത് വീഡിയോയിൽ കാണാം. 'ഇന്നത്തെ തലമുറ പലപ്പോഴും ഇത്തരം കാര്യങ്ങൾ കാണാതെ പോകുന്നു. അവർ കൂടുതലും വാട്സാപ്, മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ എന്നിവയിലാണ്. റൈഹാൻ ഇത്തരം തൊഴിലുകൾ അനുഭവത്തിലൂടെ അറിയണമെന്ന് ഞാൻ കരുതി.
'നിങ്ങൾ എവിടെ നിന്നാണെന്ന ചോദ്യത്തിന് ബീഹാറിൽ നിന്നെന്ന് തൊഴിലാളികൾ മറുപടി പറയുന്നു. നിങ്ങൾക്ക് എങ്ങനെയാണ് ഡൽഹി ഇഷ്ടമായതെന്ന് രാഹുൽ ചോദിച്ചപ്പോൾ 'ഇവിടെ നല്ലതാണ്. പക്ഷേ, വീട് വീടാണ് സർ' എന്നവർ പറയുന്നതും കാണാം. 'അവർ അവരുടെ വീടുകളിലേക്ക് പോകുന്നില്ല. നമ്മൾ സന്തോഷത്തോടെ ഉത്സവങ്ങൾ ആഘോഷിക്കുന്നു. അവർ കുറച്ച് മാത്രം പണം സമ്പാദിക്കുന്നു. അതിനാൽ അവർ അവരുടെ ഗ്രാമവും നഗരവും കുടുംബവും മറക്കേണ്ടിവരുന്നുവെന്ന്' രാഹുൽ പറയുന്നു.
ന്യൂഡൽഹിയിലെ ഉത്തം നഗറിൽ ദീപാവലിക്ക് 'ദിയ' ഉണ്ടാക്കുന്ന പെൺകുട്ടികളെയും അദ്ദേഹം സന്ദർശിച്ചു. '
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |