തൃശൂർ : സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ട്രാക്കുണരാൻ ദിവസങ്ങൾ ബാക്കി നിൽക്കേ മെഡൽ നേടി ചരിത്രത്തിലിടം നേടാൻ പ്രത്യേക പരിഗണന അർഹിക്കുന്ന താരങ്ങൾ കഠിനശ്രമത്തിൽ. സംസ്ഥാന കായികമേള ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഭിന്നശേഷി കുട്ടികൾക്കുള്ള മത്സരങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 1600 ഓളം കുട്ടികൾ പങ്കെടുക്കും. ഓരോ ജില്ലകളിൽ നിന്നും 112 പേർ വീതം.
ബി.ആർ.സികളുടെ നേതൃത്വത്തിൽ പരിശീലനം നേടിയാണ് ഇവർ കൊച്ചിയുടെ മണ്ണിലേക്കെത്തുന്നത്. ജില്ലാതലങ്ങളിൽ പൂർണമായും മത്സരമുണ്ടായിരുന്നില്ല. അഭിരുചിയുള്ള കുട്ടികളെ നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു. റവന്യൂ ജില്ലാ കായിക മേളകളിൽ ഓരോ ഇനങ്ങൾ പല ജില്ലകളും നടത്തിയിരുന്നു. നാലിന് നടക്കുന്ന മാർച്ച് പാസ്റ്റിൽ കുട്ടികൾ പങ്കെടുക്കും. അഞ്ചാം തീയതിയാണ് മത്സരങ്ങൾ.
മത്സരം നാലു വേദികളിൽ
ഇൻക്ലൂസീവ് സ്‌പോർട്‌സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ കൊച്ചിയിലെ നാലു വേദികളിലായാണ് നടക്കുക. അത്‌ലറ്റിക്‌സ് വിഭാഗത്തിലും ഗെയിംസ് ഇനങ്ങളിലുമായി ഏഴിനങ്ങളിലാണ് മത്സരം. പതിനാല് വയസിന് താഴെയും 14 വയസിന് മുകളിലും എന്ന രണ്ട് കാറ്റഗറിയായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം മഹാരാജാസ്, കലൂർ സ്റ്റേഡിയം, തേവര സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ്, കടവന്ത്ര എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. നൂറ് മീറ്റർ ഓട്ടം, 100 X4 മീറ്റർ റിലേ, മിക്‌സഡ് സ്റ്റാൻഡിംഗ് ലോംഗ് ജമ്പ്, ത്രോ ബാൾ എന്നിവ അത്‌ലറ്റിക്‌സ് ഇനത്തിലും ബാഡ്മിന്റൺ, ഹാൻഡ് ബാൾ, ഫുട്ബാൾ എന്നിങ്ങനെ ഗെയിംസ് ഇനത്തിലുമാണ് മത്സരങ്ങൾ. ഫുട്ബാൾ മത്സരവും ഹാൻഡ് ബാൾ മത്സരവും പത്ത് മിനിറ്റ് വീതം മത്സരവും അഞ്ച് മിനിറ്റ് വിശ്രമവുമാണ് .
സന്തോഷത്തോടെയാണ് കുട്ടികൾ പരിശീലനത്തിന് എത്തുന്നത്. രക്ഷിതാക്കളും വളരെ ഉത്സാഹത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
ഡോ.എൻ.ജെ.ബിനോയ്
എസ്.എസ്.കെ തൃശൂർ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |