തിരുവനന്തപുരം: വിളപ്പിൽ കാവുംപുറം മണിയൻ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികൾക്കാണ് നെയ്യാറ്റിൻകര കോടതി ഇന്ന് ശിക്ഷ വിധിച്ചത്.
വിളപ്പിൽ ചൊവ്വള്ളൂർ വഞ്ചിയൂർക്കോണം കിഴക്കേക്കര പുത്തൻവീട്ടിൽ പ്രസാദ്(40) ആണ് ഒന്നാം പ്രതി. ചൊവ്വള്ളൂർ കാവുംപുറം വഞ്ചിയൂർക്കോണം ഉഷാ ഭവനിൽ അനുരാജൻ എന്ന് വിളിക്കുന്ന അനി(56) ആണ് രണ്ടാം പ്രതി. ജീവപര്യന്തം കൂടാതെ 50000 രൂപ വീതം പിഴ അടക്കണമെന്നും നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ എം ബഷീർ വ്യക്തമാക്കി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
2014 മാർച്ച് മൂന്നിന് രാത്രി 11.30യ്ക്കാണ് മണിയൻ കൊല്ലപ്പെട്ടത്. കേസിൽ ആകെ നാല് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. മൂന്നാം പ്രതി കൃഷ്ണമ്മ (60) നാലാം പ്രതി ഷൈലജ (52) എന്നിവരെ കോടതി വെറുതെ വിട്ടു.
ഒന്നാം പ്രതി പ്രസാദിന്റെ അമ്മയാണ് കൃഷ്ണമ്മ. രണ്ടാം പ്രതി അനുരാജിന്റെ ഭാര്യയാണ് ഷൈലജ. കൊല്ലപ്പെട്ട മണിയനും പ്രതികളും അയൽ വാസികളാണ്. മണിയൻ മദ്യപിച്ചു വന്നു ചീത്ത വിളിക്കുന്നത് സമീപവാസികളായ പ്രതികളെ ചൊടിപ്പിച്ചിരുന്നു. പ്രതികളും മണിയനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാണ്.
മാർച്ച് മൂന്നിന് മണിയന്റെ ഭാര്യയും മകളും വീട്ടിലില്ലായിരുന്നു. പ്രതികൾ മണിയന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി. ശേഷം ഒന്നും രണ്ടും പ്രതികൾ ചേർന്ന് മണിയനെ തലയ്ക്കു അടിച്ച്, പേപ്പർ കട്ടിംഗ് കത്തി കൊണ്ട് ദേഹമാസകലം ആഴത്തിൽ വരഞ്ഞു മുറിപ്പെടുത്തുകയും ചെയ്തു.ചോര വാർന്നു മണിയൻ കൊല്ലപ്പെട്ടുവെന്നാണ് പ്രോസിക്യൂഷൻ വാദം.
പ്രേരണാ കുറ്റം മാത്രമാണ് മൂന്നും നാലും പ്രതികളായ കൃഷ്ണമ്മ, ഷൈലജ എന്നിവർക്കു മേലുണ്ടായിരുന്നത്. മുറിവേറ്റു ചോര വാർന്നു അവശനായ മണിയൻ സംഭവ സ്ഥലത്തു വച്ചു തന്നെ കിടന്നു മരിക്കുകയായിരുന്നു. കൂലിപ്പണിക്കാരൻ ആയിരുന്നു മണിയൻ. കേസിൽ ദൃക്സാക്ഷി ചന്ദ്രന്റെ മൊഴി കോടതിയിൽ നിർണ്ണായക തെളിവായി.
ഒന്നും രണ്ടും പ്രതികളിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. ഫോറൻസിക് പരിശോധനയിൽ തൊണ്ടി വകകളിൽ കാണപ്പെട്ട രക്തക്കറ മണിന്റേതാണെന്ന് തെളിയിക്കാനും പ്രോസിക്യുഷന് കഴിഞ്ഞിരുന്നു. 20 സാക്ഷികളെ വിസ്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |