തിരുവനന്തപുരം: വിവാഹവീട്ടിൽ വച്ച് പരസ്പരം കണ്ടപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി. സരിന്റെ ഹസ്തദാനം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം.പിയും നിരസിച്ചതിനെ വിമർശിച്ച് ബി.ജെ.പി നേതാവ് പദ്മജ വേണുഗോപാൽ. ഞാൻ കോൺഗ്രസ് വിട്ടപ്പോൾ എന്റെ അമ്മയെ
സംസ്കാര ശൂന്യമായി അധിക്ഷേപിച്ച പയ്യൻ അല്ലേ ഈ രാഹുലെന്ന് പദ്മജ ചോദിച്ചു. ഫേസ്‌ബുക്കിലായിരുന്നു പദ്മജയുടെ വിമർശനം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ഇവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയർന്നത്. എതിർ സ്ഥാനാർത്ഥി കൈ കൊടുത്തില്ലെങ്കിൽ സരിന് ഒന്നുമില്ല. പക്ഷേ കോൺഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് ഇവിടെ തെളിഞ്ഞു കാണുന്നതെന്ന് പദ്മജ വേണുഗോപാൽ പറഞ്ഞു.
നേരത്തെ മന്ത്രി എം.ബി. രാജേഷും രാഹുലിനും ഷാഫിക്കുമെതിരെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇരുവരിലും നിന്നുണ്ടായതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
പാലക്കാട്ട് വിവാഹ വീട്ടിൽ വോട്ട് തേടിയെത്തിയ സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ ചർച്ചയായിരുന്നു. ഹസ്തദാനം നൽകാൻ സരിൻ കൈനീട്ടിയപ്പോഴേയ്ക്കും അത് ശ്രദ്ധിക്കാതെ ഇരുവരും നടക്കുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിൻ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുന്നത് ദൃശ്യങ്ങളിൽ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |