വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം. 47- ാമത്തെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് നാളെ. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസും മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യു.എസിന്റെ ആദ്യ വനിത പ്രസിഡന്റെന്ന ചരിത്രനേട്ടത്തിന്റെ വക്കിലാണ് കമല.
ഏഷ്യൻ വംശജരും കറുത്ത വർഗ്ഗക്കാരും കമലയെ പിന്തുണയ്ക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. അതേസമയം, വെളുത്ത വർഗ്ഗക്കാരുടെ ( വൈറ്റ്സ് ) വംശീയ വികാരം ട്രംപിനെ വിജയിപ്പിക്കുന്ന നില ശേഷിക്കുകയാണ്. ജനസമ്മതിയിൽ തുല്യശക്തികളായതിനാൽ വോട്ടർമാരുടെ നേരിയ ചാഞ്ചാട്ടം പോലും നിർണായകമാവും.
അഭിപ്രായ സർവേയിൽ മുൻതൂക്കം
ദേശീയതലത്തിലും നിർണായകമായ ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലും ട്രംപിന് മുൻതൂക്കമുണ്ടെന്ന് അഭിപ്രായ സർവേകൾ പറയുന്നു. ദേശീയതലത്തിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് വ്യത്യാസം.
നോർത്ത് കാരലിന, ജോർജിയ, അരിസോണ, നെവാദ,വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ എന്നിവയാണ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് വോട്ടുകൾ ഏകദേശം തുല്യമായവയാണ് നിഷ് പക്ഷ വോട്ടർമാർ വിധിനിർണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങൾ (സ്വിങ് സ്റ്റേറ്റ്സ് ). ബാറ്റിൽ ഗ്രൗണ്ട് സ്റ്റേറ്റ്സ് എന്നും അറിയപ്പെടുന്നു. ഈ സംസ്ഥാനങ്ങളിൽ 93 ഇലക്ടറൽ കോളേജ് വോട്ടുകളാണുള്ളത്. പ്രസിഡന്റാവാൻ വേണ്ടത് 270 ഇലക്ടറൽ കോളേജ് വോട്ടുകളാണ്.
2020ലെ തിരഞ്ഞെടുപ്പിൽ നോർത്ത് കാരലിനയിൽ മാത്രമാണ് ട്രംപ് വിജയിച്ചത്. മിഷിഗണിലും പെൻസിൽവേനിയയിലും മാത്രമാണ് ബൈഡന് മികച്ച ഭൂരിപക്ഷം കിട്ടിയത്. അരിസോണയിലും ജോർജിയയിലും 12,000ത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം.
മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന അരിസോണയിൽ കുടിയേറ്റം നിർണായക വിഷയമാണ്. കുടിയേറ്റ വിരുദ്ധനയമുള്ള ട്രംപിന് ഇവിടെയും മുൻതൂക്കമുണ്ടെന്നാണ് സർവേ ഫലം.
കറുത്തവർഗ്ഗക്കാർ ഏറെയുള്ള ജോർജിയയിൽ കഴിഞ്ഞ തവണ ബൈഡന്റെ വിജയം അട്ടിമറിക്കാൻ ശ്രമിച്ചതിന് ട്രംപിനെതിരെ നാല് കേസുണ്ട്. ഒന്നിൽ ശിക്ഷിക്കുകയും ചെയ്തു. അറബ് വംശജർ ഏറെയുള്ള മിഷിഗണിൽ ഗാസ യുദ്ധത്തിൽ യു.എസ് നിലപാട് മുഖ്യ വിഷയമാണ്.
അറ്റ്ലസ് ഇന്റൽ സർവേ
ദേശീയതലത്തിൽ
ഡൊണാൾഡ് ട്രംപ്..... 49.6%
കമല ഹാരിസ് .................48.2%.
ചാഞ്ചാട്ട
സംസ്ഥാനങ്ങൾ
അരിസോണ, നെവാദ, നോർത്ത് കാരലിന, ജോർജിയ, മിഷിഗൺ, പെൻസിൽവേനിയ, വിസ്കോൺസിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |