മുംബയ്: ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) സെക്രട്ടറി സ്ഥാനത്തേക്ക് രോഹന്‍ ജയ്റ്റ്‌ലി എത്തിയേക്കും. ഐസിസി ചെയര്‍മാനായി സ്ഥാനമേറ്റെടുക്കാന്‍ ജയ് ഷാ ഈ മാസം ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും. പകരക്കാരനായി അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ മകന്‍ രോഹന്‍ എത്തുമെന്നാണ് സൂചന. ഇപ്പോഴത്തെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരം ജയ് ഷാ ഡിസംബര്‍ ഒന്ന് മുതല്‍ ഐസിസി മേധാവിയായി സ്ഥാനമേറ്റെടുക്കും.
ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷാ സ്ഥാനമൊഴിയുമ്പോള്‍ മറ്റൊരു ബിജെപി നേതാവിന്റെ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് രോഹന്‍ സ്ഥാനമേറ്റെടുക്കുമ്പോള്‍. നിലവില്‍ ഡിഡിസിഎ (ഡല്‍ഹി & ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍) പ്രസിഡന്റ് ആണ് രോഹന്‍ ജയ്റ്റ്‌ലി. മുമ്പ് അച്ഛന്‍ അരുണ്‍ ജയ്റ്റിലിയും ഇതേ സ്ഥാനം വഹിച്ചിരുന്നു.
അരുണ്‍ ജയ്റ്റ്‌ലിയുടെ മരണത്തിന് ശേഷമാണ് ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തെ അദ്ദേഹത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്തത്. 2020ലാണ് രോഹന്‍ ഡിഡിസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. മുമ്പ് ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തും രോഹന്‍ സേവനം അനുഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയരായ ഏകദിന ലോകകപ്പില്‍ ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ മത്സരം ഉള്‍പ്പെടെ അഞ്ച് കളികളാണ് ഡല്‍ഹി സ്റ്റേഡിയത്തില്‍ നടത്തിയത്. ലോകകപ്പിന് വേണ്ടി രോഹന്റെ നേതൃത്വത്തില്‍ ഡല്‍ഹി സ്‌റ്റേഡിയം നവീകരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |