തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 58,840 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം 58,960 രൂപയായിരുന്നു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 7385 രൂപയിൽ നിന്ന് 7355 രൂപയായാണ് കുറഞ്ഞത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 78,336 രൂപയാണ്. 60,000 രൂപ എന്ന റെക്കാർഡിലേക്കെത്തുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് സ്വർണവില ഇപ്പോൾ ഇറങ്ങാൻ തുടങ്ങിയിരിക്കുന്നത്. അമേരിക്കയിലെ പ്രശ്നങ്ങളാണ് നിലവിൽ സ്വർണവില ഇടിയുന്നതിലേക്ക് മുഖ്യമായും നയിച്ചിരിക്കുന്നത്.
മാന്ദ്യസൂചന വിനയായി
ആഗോളതലത്തിലെ മാറ്റങ്ങളാണ് രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടാക്കുന്നത്. ഇതിനനുസരിച്ചാണ് ആഭ്യന്തരവിലയും മാറുന്നത്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായ അമേരിക്കയിൽ മാന്ദ്യമുണ്ടെന്ന സൂചനയാണ് നിലവിൽ സ്വർണവിലയെ താഴോട്ട് വലിക്കുന്നത്.
1. തൊഴിലവസരങ്ങളിൽ കുറവ് : രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ച അമേരിക്കയിൽ 12,000 തൊഴിലവസരങ്ങൾ മാത്രമാണുണ്ടായത്. ഹെലേൻ, മിൽട്ടൻ ചുഴലിക്കാറ്റുകളാണ് വിനയായത്. കുറഞ്ഞ തൊഴിലവസരങ്ങൾ രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന സൂചനയാണ് നൽകുന്നത്.
2. അടിസ്ഥാന പലിശനിരക്ക്: അമേരിക്കയിൽ റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞത് അടിസ്ഥാന പലിശ നിരക്ക് കുറയുന്നതിലേക്ക് നയിച്ചേക്കാനാണ് സാദ്ധ്യത. ഡിസംബറിലാണ് ഇതിൽ തീരുമാനമുണ്ടാകുക. .25 ശതമാനം മാത്രം കുറയാനാണ് സാദ്ധ്യത. ഇത് അമേരിക്കൻ സർക്കാരിന്റെ കടപത്രത്തിന്റെയും ഡോളറിന്റെയും മുന്നേറ്റത്തിലേക്കാണ് നയിച്ചത്. ഇതും സ്വർണവില ഇടിയാനിടയാക്കി.
3. യുദ്ധഭീതി കനക്കുന്നു: ഇറാനും ഇസ്രായേലുമായുള്ള സംഘർഷം ആഗോള സമ്പദ് വ്യവസ്ഥ തകിടം മറിക്കുമെന്ന ആശങ്കയുണ്ട്. ഇതും മറ്റു നിക്ഷേപങ്ങളിലേതു പോലെ സ്വർണത്തിലും സമ്മർദ്ദമേറ്റുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |