
ഓഹരി, രൂപ മൂക്കുകുത്തി, സ്വർണം, ക്രൂഡ് വില ഉയരുന്നു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ ധനകാര്യ, കമ്പോള വിപണികളിൽ ചാഞ്ചാട്ടം രൂക്ഷമാകുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കവും ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളും ഇറാനിലെ പ്രതിസന്ധിയും നിക്ഷേപകർക്ക് കടുത്ത വെല്ലുവിളിയാണ്. ഇന്ത്യൻ ഓഹരികളും രൂപയും ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. രാജ്യാന്തര വിപണിയിൽ സ്വർണം, ക്രൂഡോയിൽ വില വീണ്ടും ഉയരുകയാണ്. ഓഹരി വിപണി തുടർച്ചയായ അഞ്ചാം ദിവസമാണ് നഷ്‌ടം നേരിടുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസക്കാലയളവിൽ ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ഫലത്തെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകർക്കുണ്ട്. ഇന്നലെ സെൻസെക്‌സ് 605 പോയിന്റ് ഇടിഞ്ഞ് 83,576.24ൽ അവസാനിച്ചു. നിഫ്‌റ്റി 194 പോയിന്റ് നഷ്‌ടത്തോടെ 25,683.30ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത വിൽപ്പന സമ്മർദ്ദം ദൃശ്യമായി.അഞ്ച് സെഷനുകളിലായി സെൻസെക്‌സ് 2,186 പോയിന്റാണ് ഇടിഞ്ഞത്. അദാനി പോർട്ട്‌സ്, അദാനി എന്റർപ്രൈസസ്, എൻ.ടി.പി.സി എന്നിവയാണ് ഏറ്റവുമധികം വിലയിടിവ് നേരിട്ടത്. റിയൽറ്റി, വാഹന, ഐ.ടി, ധനകാര്യ മേഖലയിലെ ഓഹരികൾ കടുത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു.
രൂപയുടെ മൂല്യത്തകർച്ച തുടരുന്നു
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ കുറഞ്ഞ് 9.16ൽ എത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതും ക്രൂഡോയിൽ വിലക്കുതിപ്പുമാണ് രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കുന്നത്
ക്രൂഡോയിൽ വില ഉയരുന്നു
ഇറാനിലെ രാഷ്‌ട്രീയ പ്രതിസന്ധിയും അമേരിക്കയുടെ വെനസ്വേലയിലെ ഇടപെടലും ക്രൂഡോയിൽ വിപണിയിൽ സമ്മർദ്ദം സൃഷ്‌ടിക്കുന്നു. ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 62 ഡോളർ കവിഞ്ഞ് കുതിച്ചു.
സ്വർണ വിലയിൽ കുതിപ്പ്
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെ രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 4,480 ഡോളറിലേക്ക് തിരിച്ചെത്തി. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില രണ്ട് തവണയായി 960 രൂപ ഉയർന്ന് 1,02,160 രൂപയിലെത്തി. ഗ്രാമിന്റെ വില 120 ഉയർന്ന് 12,770 രൂപയായി.
അഞ്ച് ദിവസത്തിനിടെ നിക്ഷേപകരുടെ മൊത്തം നഷ്‌ടം
13 ലക്ഷം കോടി രൂപ
ആഗോള അനിശ്ചിതത്വം ശക്തമാകുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |