ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌രംഗത്തു നിന്ന് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലെന്ന ശക്തമായ സൂചന നൽകി കഴിഞ്ഞമാസം ആഭ്യന്തര വാഹന വില്‌പന 18.71 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും വലിയ വീഴ്‌ചയാണിത്. തുടർച്ചയായ ഒമ്പതാം മാസമാണ് വില്‌പന ഇടിയുന്നത്.
വാഹന നിർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിന്റെ (സിയാം) കണക്കുപ്രകാരം ജൂലായിൽ പുതുതായി 18.25 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയത്. 2018 ജൂലായിൽ വില്‌പന 22.45 ലക്ഷം യൂണിറ്റുകൾ ആയിരുന്നു. 2000 ഡിസംബറിലെ 21.81 ശതമാനം ഇടിവിന് ശേഷം ആഭ്യന്തര വാഹന വിപമി കുറിക്കുന്ന ഏറ്റവും ഉയർന്ന നഷ്‌ടമാണിത്.
പാസഞ്ചർ വാഹന വില്‌പന കഴിഞ്ഞമാസം 30.98 ശതമാനം ഇടിഞ്ഞ് രണ്ടുലക്ഷം യൂണിറ്റുകളിൽ ഒതുങ്ങി. ഇതും 19 വർഷത്തെ കുറഞ്ഞ വില്‌പനയാണ്. 2018 ജൂലായിൽ 2.90 ലക്ഷം പുതിയ പാസഞ്ചർ വാഹനങ്ങൾ ഇന്ത്യക്കാർ വാങ്ങിയിരുന്നു. 35.22 ശതമാനമായിരുന്നു 2000 ഡിസംബറിൽ വില്‌പനയിടിവ്. കാർ വില്‌പന മാത്രം കഴിഞ്ഞമാസം 35.95 ശതമാനം കൂപ്പുകുത്തി. 1.22 ലക്ഷം കാറുകൾ ജൂലായിൽ വിറ്റഴിഞ്ഞു. കഴിഞ്ഞവർഷം ജൂലായിൽ വില്‌പന 1.91 ലക്ഷമായിരുന്നു.
മോട്ടോർസൈക്കിൾ വില്‌പന 11.51 ലക്ഷം യൂണിറ്റുകളിൽ നിന്ന് 18.88 ശതമാനം താഴ്‌ന്ന് 9.33 ലക്ഷം യൂണിറ്റുകളിലെത്തി. മൊത്തം ടൂവീലർ വില്‌പന 18.17 ലക്ഷം യൂണിറ്റുകളിൽ നിന്ന് 15.11 ലക്ഷമായും കുറഞ്ഞു; ഇടിവ് 16.82 ശതമാനം. വാണിജ്യ വാഹന വില്‌പന 76,545 യൂണിറ്റുകളിൽ നിന്ന് 56,866 യൂണിറ്റുകളിലേക്കും കുറഞ്ഞു. നഷ്‌ടം 25.71 ശതമാനം.
19
കഴിഞ്ഞ 19 വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്‌ടമാണ് ആഭ്യന്തര വാഹന വിപണി കഴിഞ്ഞമാസം കുറിച്ചത്.
9
ആഭ്യന്തര വാഹന വിപണി നഷ്‌ടം നേരിടുന്നത് തുടർച്ചയായ ഒമ്പതാം മാസം.
തിരിച്ചടി
ഇന്ത്യൻ ജി.ഡി.പിയുടെ നട്ടെല്ലായ മാനുഫാക്‌ചറിംഗ് വിഭാഗത്തിൽ പകുതിയോളം സംഭാവന ചെയ്യുന്നത് വാഹന നിർമ്മാണ മേഖലയാണ്. തുടർച്ചയായുള്ള വാഹന വില്‌പന നഷ്‌ടം ഉത്‌പാദനത്തെയും തളർത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി-മാർച്ചിൽ ഇന്ത്യൻ ജി.ഡി.പി അഞ്ചുവർഷത്തെ തളർച്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. നടപ്പുവർഷവും ജി.ഡി.പി തളരുമെന്ന സൂചനയാണ് വാഹന വിപണി നൽകുന്നത്.
തൊഴിൽ നഷ്‌ടം
വില്‌പന നഷ്‌ടം മൂലം വാഹന നിർമ്മാണ-വില്‌പന രംഗത്തെ 2.30 ലക്ഷത്തോളം പേർക്കാണ് ജോലി നഷ്‌ടമായതെന്ന് സിയാം പറയുന്നു. ഉത്‌പാദനം കുറച്ചതും ഡീലർഷിപ്പുകൾ പൂട്ടുന്നതുമാണ് തിരിച്ചടിയാകുന്നത്.
എങ്ങനെ കരകയറും?
(വാഹന വിപണിയുടെ ആവശ്യങ്ങൾ)
ജി.എസ്.ടി 18 ശതമാനത്തിൽ താഴെയായി കുറയ്ക്കണം
രജിസ്‌ട്രേഷൻ ഫീസിലെ വർദ്ധന ഒഴിവാക്കണം
എൻ.ബി.എഫ്.സികൾ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കി, പണലഭ്യത ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |