മണ്ണാർക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.
2012ൽ നടന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മണ്ണാർക്കാട് മുനിസിഫ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സന്ദീപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പാലക്കാട് ബി.ജെ.പി ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിലവിലുള്ള വിഷയം ആത്മാഭിമാനത്തിനുമേൽ ഏല്പിച്ച ആഘാതമാണ്. അത് പരിഹരിക്കാതെ വിഷയത്തെ വഷളാക്കി പാപഭാരം അടിച്ചേല്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. താൻ പോയാലും ഒന്നുമില്ലെന്ന തരത്തിൽ ബോധപൂർവം അപമാനിക്കുന്ന സമയത്ത് ആത്മാഭിമാനം നഷ്ടപ്പെട്ടയാളോട് അച്ചടക്കമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുത്.
തന്നെ അപമാനിച്ച ആളുകൾക്ക് നേരെയാണ് നടപടിയെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘടനയിലെ നേതാക്കൾ രണ്ടുതട്ടിലാണെന്ന് സൂചിപ്പിക്കും വിധത്തിലും പ്രവർത്തകരെ മാനസികമായി പ്രയാസപ്പെടുത്തുന്ന തരത്തിലും ഒരുസംഭവമുണ്ടാക്കി തീർത്തനേതാക്കളാണ് അച്ചടക്കലംഘനം നടത്തിയത്. കോൺഗ്രസ്, സി.പി.എം നേതാക്കൾ സന്ദീപ് നല്ലൊരു വ്യക്തിയാണെന്ന് പറഞ്ഞതിന്റെ പൂർണ അംഗീകാരം തന്റെ അച്ഛനും അമ്മയ്ക്കുമാണ്. രാഷ്ട്രീയമാറ്റമെന്നത് പ്രസക്തമല്ല. രാഷ്ട്രീയമായി ബി.ജെ.പിക്കാരനാണെന്നും ബി.ജെ.പി ആരുടെയും സ്വത്തല്ലെന്നും സന്ദീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |