
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്. ശബരിമലയിലെ ഭരണനടപടികൾ അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ കമ്മിഷണർ 2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം.
നിയമപരമായിത്തന്നെ ദേവസ്വം മുതലുകൾ സുരക്ഷിതമെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വവും കടമയുമുള്ള ഉദ്യോഗസ്ഥനാണ്. 2016 മുതൽ 2024 വരെ ഈ പദവി വഹിച്ചത് ഒരു ജഡ്‌ജിയായിരുന്നു. സ്വർണക്കൊള്ളയിൽ പങ്കുണ്ടാവാൻ സാദ്ധ്യതയില്ലെങ്കിലും ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. ചോദ്യാവലി തയ്യാറാക്കി ഹൈക്കോടതിയുടെ അനുമതിയോടെ ചോദ്യംചെയ്യാനാണ് നീക്കം. മദ്ധ്യകേരളത്തിലെ ജില്ലാ ജഡ്‌ജിയാണിപ്പോൾ.
ഇദ്ദേഹത്തിനുശേഷം 2024 ജൂണിൽ സ്പെഷ്യൽ കമ്മിഷണറായി നിയമിതനായ ജില്ലാജഡ്‌ജി ആർ.ജയകൃഷ്ണനാണ് 2025ൽ ദ്വാരപാലക സ്വർണപ്പാളികൾ രഹസ്യമായി ഇളക്കിക്കൊണ്ടുപോയ കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഹൈക്കാേടതി വിഷയം ഗൗരവത്തിലെടുത്തതോടെയാണ് കാലാകാലങ്ങളായി നടത്തിവന്ന കൊള്ള പുറത്തറിഞ്ഞത്. നടപടിക്രമങ്ങൾ പാലിക്കാതെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻപോറ്റിക്ക് 2024ൽ ബോർഡ് അനുവാദം നൽകിയതും സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചിരുന്നില്ല.
സർവാധികാരമുണ്ട്,
ചുമതല നിറവേറ്റിയില്ല
1.ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ അറിയാനും രേഖകളും ബോർഡ് തീരുമാനങ്ങളും പരിശോധിക്കാനും സ്പെഷ്യൽ കമ്മിഷണർക്ക് വിപുലമായ അധികാരമുണ്ട്. പാകപ്പിഴ കണ്ടാൽ തടയാനും ഹൈക്കോടതി അധികാരം കൊടുത്തിട്ടുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റിയില്ല.
2. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ 2019 ജൂലായ്19നും ശില്പങ്ങളിലെ തെക്കുംവടക്കും ഭാഗത്തെ പില്ലർപ്ലേറ്റുകളിലെ പാളികൾ 2019 ജൂലായ് 20നുമാണ് ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്. സെപ്തംബർ 11നാണ് തിരിച്ചെത്തിച്ചത്. മഹസറടക്കം രേഖകൾ കൃത്യമായിരുന്നില്ല.
3. ഉദ്യോഗസ്ഥരുടെ അകമ്പടിയോ പൊലീസ് സുരക്ഷയോ ഇല്ലാതെ പോറ്റിയുടെ കൈവശമാണ് കൊടുത്തുവിട്ടത്. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ ഏഴുപാളികളും കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന രാശിചിഹ്നങ്ങളും ദശാവതാരങ്ങളും ആലേഖനംചെയ്ത പാളികളും ശൈവ- വൈഷ്ണവ വിഗ്രഹങ്ങളടങ്ങിയ പാളിയുമടക്കം കടത്തിയിരുന്നു. ഗുരുതരമായ ക്രമക്കേടുകൾ സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിക്കാതിരുന്നതാണ് സംശയകരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |