ഷിംല: നാട്ടിലേക്ക് പോകാൻ മേലുദ്യോഗസ്ഥൻ അനുമതി നൽകാത്തതിനെ തുടർന്ന് യുവാവ് ഓൺലൈനിലൂടെ വിവാഹിതനായി.തുർക്കിയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവാണ് ഹിമാചൽപ്രദേശ് സ്വദേശിനിയെ വിവാഹം ചെയ്തത്. അദ്നാൻ മുഹമ്മദ് എന്ന ബിലാസ്പൂർ സ്വദേശിയാണ് വിവാഹത്തിനായി നാട്ടിലേക്ക് പോകാൻ അനുമതി തേടിയത്. എന്നാൽ അയാളുടെ മേലധികാരി അവധി അപേക്ഷ നിരസിക്കുകയായിരുന്നു.
ഇതോടെ വിവാഹം മുടങ്ങുന്ന അവസ്ഥയിൽ എത്തുകയായിരുന്നു. ചെറുമകളുടെ വിവാഹം കാണണമെന്നത് അവരുടെ മുത്തശ്ശന്റെ ആഗ്രഹമായിരുന്നു. വേറെ വഴിയില്ലാതെ ഇരുവരുടെയും വിവാഹം വീഡിയോ കോൾ വഴി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവാവിന്റെയും വധുവിന്റെയും കുടുംബം ഖാസിയുടെ (വിവാഹത്തിന് മേൽനോട്ടം വഹിക്കുന്ന വ്യക്തി) നേതൃത്വത്തിൽ വിവാഹം നടത്തുകയായിരുന്നു.
ഇത് ആദ്യത്തെ സംഭവമല്ല. ഇതിന് മുൻപും വധൂവരൻമാർ ഓൺലൈനായി വിവാഹിതരായിട്ടുണ്ട്. കഴിഞ്ഞ വർഷം ഹിമാചൽപ്രദേശിൽ നിന്നുളള ദമ്പതികൾ കനത്ത മഴയെ തുടർന്ന് ഓൺലൈനിലൂടെ വിവാഹിതരായി. മഴ കാരണം വധുവിന്റെ ഗ്രാമത്തിലേക്ക് എത്തിച്ചേരാൻ സാധിക്കാത്തതോടെയാണ് ആഷിഷ് സിംഘ ഓൺലൈനിലൂടെ വിവാഹം കഴിച്ചത്.
കൊവിഡ് മഹാമാരി പിടിപ്പെട്ട സമയത്തും കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ തീരുമാനിച്ച വിവാഹങ്ങൾ ഓൺലൈൻ വഴി നടത്തിയതും വാർത്തകളായിട്ടുണ്ട്. മലയാളികളായി വിഘ്‌നേഷ് കെ എമ്മും അജ്ഞലി രഞ്ജിത്തും സൂം വഴിയാണ് വിവാഹിതരായത്. വിവാഹം കാണേണ്ടവർക്കായിട്ടുളള ഐഡിയും പാസ്‌വേർഡും രൂപീകരിച്ചിരുന്നു. യുവതിയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം നടന്നത്. വരന്റെ മാതാപിതാക്കൾ മംഗല്യസൂത്രയും സ്പീഡ് പോസ്റ്റ് വഴി വധുവിന്റെ കുടുംബത്തിന് അയച്ചുകൊടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |