കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർ താമസിക്കുന്ന ഫ്ളാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി. മൂന്ന് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരിൽ ഏഴ് വയസുളള ഒരു കുട്ടിയെ വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് ആശുപത്രിയിലെത്തി.
കുഞ്ഞിന്റെ ഭക്ഷ്യവിഷബാധയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചിലർ പറയുന്നുവെന്ന് കുട്ടിയുടെ അമ്മ മന്ത്രിയോട് പറഞ്ഞു. ഭീഷണിയുണ്ടെങ്കിൽ അറിയിക്കണമെന്നും ഒപ്പമുണ്ടെന്നും മന്ത്രി അമ്മയോട് പറഞ്ഞു. ഭക്ഷണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാൻ നിർദ്ദേശം നൽകിയതായി പി പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ഗുണനിലവാര പരിശോധന നടത്താൻ എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. കിറ്റിനകത്തെ ഭക്ഷണ സാമഗ്രികളുടെ പ്രശ്നമാണെങ്കിൽ ഗൗരവകരമാണ്. ആരുടെ വീഴ്ചയാണെന്നതിൽ പരിശോധന വേണമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ദുരന്ത ബാധിതരും ഡിവൈഎഫ്ഐയും വൻ സംഘർഷം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തതെന്നാണ് ആരോപണം. ഇതിനെ തുടർന്ന് രണ്ടു ദിവസങ്ങളിലായി ജില്ലയിൽ വലിയ രീതിയിലുളള പ്രതിഷേധം നടക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
ദുരിതബാധിതർക്ക് പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിന്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |