നേമം: നേമം പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐയെ ആക്രമിക്കുകയും പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും രണ്ടുപേരെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് സ്റ്റുഡിയോ റോഡ് തട്ടാരത്തു ലെയിൻ സ്വദേശികളും സഹോദരങ്ങളുമായ ഷാനു, ഷഫീഖ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു കേസിനിടയാക്കിയ സംഭവം. തട്ടാരത്തുലെയിൻ ശ്രീസദനത്തിൽ റഹീസ്ഖാൻ, ഇയാളുടെ സഹോദരൻ ഷെഫീഖ്, പ്രതികളായ ഷാനു, ഷഫീഖ് എന്നിവർ സുഹൃത്തുക്കളാണ്. സംഭവ ദിവസം റഹീസ്ഖാൻ, ഷെഫീഖ് എന്നിവരും ഇവരുടെ സഹോദരിയും തമ്മിൽ വാക്കുതർക്കവും വഴക്കും ഉണ്ടായിരുന്നു.
സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം അന്വേഷിക്കാനെത്തിയതായിരുന്നു ക്രൈം എസ്.ഐ സുധീറും എ.എസ്.ഐ മുഹമ്മദലിയും എസ്.ഐ ദീപുവും ഉൾപ്പെട്ട സംഘം. വീടിനു സമീപത്തുവച്ച് ഷാനുവും സഹോദരൻ ഷഫീഖും ചേർന്ന് പൊലീസുകാരെ തടയുകയും സുധീറിനെയും മറ്റ് പൊലീസുകാരെയും ആക്രമിക്കുകയുമായിരുന്നു. കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേർ കൂടി പിടിയിലാകാനുണ്ടെന്ന് നേമം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |