തിരുവനന്തപുരം: ഉയർന്ന മാർക്കു വാങ്ങി പരീക്ഷ ജയിച്ചാലും പട്ടികജാതി /പട്ടികവർഗ വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ ചേർന്നു പഠിക്കാനാവുന്നില്ല. ബാങ്കുകൾ വഴി സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള ജാമ്യവ്യവസ്ഥയിലെ കാർക്കശ്യമാണ് കാരണം. അനുവദിക്കുന്ന പണത്തിന് ആനുപാതികമായി ഈടു നൽകാൻ സ്വന്തം ഭൂമിയോ ജാമ്യം നിൽക്കാൻ ഉദ്യോഗസ്ഥരോ വേണമെന്ന കാര്യത്തിൽ ചെറിയ വിട്ടുവീഴ്ചപോലും ബാങ്ക് അധികൃതർ കാണിക്കുന്നില്ല. സംസ്ഥാന സർക്കാരിനു കീഴിലുള്ള പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ നൽകുന്ന വായ്പകൾക്കും കടുത്ത ജാമ്യ വ്യവസ്ഥയാണുള്ളത്. വായ്പ തിരിച്ചടയ്ക്കാതെ വന്നാൽ കേന്ദ്ര സർക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ടിൽ നിന്ന് വായ്പയുടെ വലിയ പങ്കും ബാങ്കുകൾക്ക് കിട്ടുമെന്നിരിക്കെയാണ് വായ്പ നിഷേധിക്കുന്നത്. സ്ഥലമോ വീട്ടിൽ ഉദ്യോഗസ്ഥരോ ഇല്ലാത്തവരാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ ഏറെയും. നിരവധി വിദ്യാർത്ഥികൾക്കാണ് ഇതുമൂലം മികച്ച അവസരങ്ങൾ നഷ്ടമാകുന്നത്. ഈ ദുരവസ്ഥയ്ക്കെതിരെ സർക്കാരിന്റെ ഭാഗത്തു നിന്നു അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പരമാവധി 10 ലക്ഷം
പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ മൂന്നു വിധത്തിലാണ് വിദ്യാഭ്യാസ വായ്പ നൽകാറുള്ളത്. സംസ്ഥാനത്തിനുള്ളിൽ രണ്ടു ലക്ഷം വരെ, സംസ്ഥാനത്തിന് പുറത്ത്, ഇന്ത്യയ്ക്കുള്ളിൽ പരമാവധി നാലു ലക്ഷം.വിദേശത്ത് പഠനത്തിനു പോകാൻ 10 ലക്ഷം വരെ. വായ്പ എടുക്കുന്ന തുകയ്ക്ക് ആനുപാതികമായ ഈട് വേണം. പഠനം കഴിയുന്ന മുറയ്ക്കോ ജോലി കിട്ടുന്ന മുറയ്ക്കോ അഞ്ചു വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കണം. ഫണ്ടിന്റെ അപാര്യാപ്തത പറഞ്ഞ് പലർക്കും യഥാസമയം വായ്പ അനുവദിക്കാത്ത അവസ്ഥയും നിലവിലുണ്ട്.
""എന്റെ മകൾ ഏവിയേഷൻ കോഴ്സിനു ഫൈനൽ ഇൗയർ പഠിക്കുകയാണ്. ഇനിയും ഒരു ലക്ഷത്തിലധികം രൂപ അടയ്ക്കാനുണ്ട്.കടം വാങ്ങിയാണ് ഇതുവരെയുള്ള ഫീസടച്ചത്. പട്ടികജാതി വികസന കോർപ്പറേഷനിലടക്കം കയറിയിറങ്ങി. മുഖം തിരിക്കുന്ന സമീപനമാണ് എവിടെയും.'
-കൃഷ്ണകുമാർ, ഡ്രൈവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |