മലപ്പുറം: തസ്തികാ നിർണ്ണയത്തിൽ കുരുങ്ങി പി.എസ്.സി വഴിയുള്ള അദ്ധ്യാപക നിയമനങ്ങൾ. കഴിഞ്ഞ വർഷം അനുവദിച്ച 957 നിയമനമടക്കം ഈ വർഷത്തെ അദ്ധ്യാപക തസ്തികാ നിർണ്ണയം പൂർത്തിയായ ശേഷം നടത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിനാൽ, വിദ്യാഭ്യാസ വകുപ്പ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ച് ജൂലായ് 15ന് മുമ്പ് തസ്തികാ നിർണ്ണയം പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇത്തവണ ഒക്ടോബർ 31നാണ് തസ്തിക നിർണ്ണയത്തിന്റെ ആദ്യഘട്ടം പൂർത്തിയാവുന്നത്. തുടർനടപടികൾക്ക് ഇനിയും മാസങ്ങളെടുക്കും.
എ.ഇ.ഒമാരും ഡി.ഇ.ഒമാരും അധിക തസ്തിക നിർദ്ദേശിച്ച സ്കൂളുകളിൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പരിശോധനയേ പൂർത്തിയായിട്ടുള്ളൂ. ഇവ പൊതുവിദ്യാഭ്യാസ വകുപ്പ് തലത്തിൽ കൂടി പരിശോധിക്കണം. ധനകാര്യ വകുപ്പിന്റെ തീരുമാനത്തിന് വിധേയമായാവും അദ്ധ്യാപക തസ്തികകളുടെ എണ്ണത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. ഇതിനുള്ള കാലതാമസം കാലാവധി കഴിയാറായ പി.എസ്.സി ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിച്ചേക്കും. ഓരോ അദ്ധ്യയന വർഷവും സ്‌കൂളിലെ കുട്ടികളുടെ എണ്ണമനുസരിച്ച് അദ്ധ്യാപക പുനർവിന്യാസവും അധിക നിയമനവും നടത്തുന്നതിനാണ് തസ്തികാ നിർണ്ണയം നടത്തുന്നത്.
പകുതി പേരും പുറത്ത്
മൂന്നാം വർഷത്തിലും യു.പി സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ നിന്ന് മൂന്നിലൊന്ന് ഉദ്യോഗാർത്ഥികൾക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. 8,621 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 2,253 നിയമനങ്ങളാണ്. മുൻ റാങ്ക് ലിസ്റ്റിൽ 4,175 പേർക്ക് നിയമനം ലഭിച്ചിരുന്നു. 2025 ഒക്ടോബർ ഒമ്പതിന് ലിസ്റ്റിന്റെ കാലാവധി തീരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ നിയമന ശുപാർശ 100 പോലും എത്തിയിട്ടില്ല. നാല് മാസമായി ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിയമന ശുപാർശ നൽകിയിട്ടേയില്ല. 2023ൽ സർക്കാർ സ്‌കൂളുകളിലേക്ക് അനുവദിച്ച 957 തസ്തികകളിൽ കൂടുതലും എൽ.പി, യു.പി അദ്ധ്യാപകരുടേതാണ്.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്:
മുഖ്യപരീക്ഷയ്ക്ക് ഇക്കുറി രണ്ടു പേപ്പറുകൾ
തിരുവനന്തപുരം:സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ഓഡിറ്റ് വകുപ്പുകളിൽ അസിസ്റ്റന്റ്/ ഓഡിറ്റർ നിയമനത്തിന് മുഖ്യപരീക്ഷയ്ക്ക് ഇക്കുറി രണ്ട് പേപ്പറുകൾ ഉണ്ടാകും. മുൻപ് ഒരു പേപ്പർ മാത്രമായിരുന്നു.
അപേക്ഷകർക്ക് ബിരുദതലപ്രാഥമിക പൊതുപരീക്ഷയാണ് ആദ്യം നടത്തുക .പ്രാഥമിക പരീക്ഷയുടെ മാർക്ക് അനുസരിച്ച് മുഖ്യപരീക്ഷ എഴുതാനുള്ളവരുടെ അർഹത പട്ടിക പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷയ്ക്ക്100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾക്കും ആകെ കിട്ടുന്ന മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുക. അഭിമുഖം നടത്തുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് വിവരണാത്മക പരീക്ഷ വേണമെന്ന ശമ്പളക്കമ്മിഷൻ ശുപാർശ ഇത്തവണ നടപ്പാക്കേണ്ടെന്ന നിലപാടിലാണ് പി.എസ്.സി. ഇത്തവണയും ഒ.എം.ആർ പരീക്ഷയാണ് നടത്തുക. വിവരണാത്മക പരീക്ഷയുടെ മൂല്യനിർണ്ണയം വൈകുമെന്നതാണ് പ്രധാന കാരണം. മൂല്യനിർണ്ണയം സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയരുമെന്നതും മറ്രൊരു കാരണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |