തിരുവനന്തപുരം: മുട്ടിനുമുട്ടിന് വിവാദങ്ങളും അണപൊട്ടിയ ആവേശ പ്രകടനങ്ങളും സമ്മാനിച്ച ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണ കോലാഹലങ്ങൾക്ക് വിട. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് പാർലമെന്റ്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്. 'യഥാർത്ഥ പൂരം" നടക്കുന്ന പാലക്കാട് നിയമസഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പ് 20നാണ്. എന്നാൽ, വിവാദങ്ങളുടെയും തൊഴുത്തിൽ കുത്തിന്റെയും സംഗമ ഭൂമിയായി മാറിയ പാലക്കാട് മണ്ഡലം സൃഷ്ടിച്ച പ്രകമ്പനങ്ങളുടെ അലയൊലികൾ ഈ മണ്ഡലങ്ങളിലെ വിധി നിർണയത്തെയും സ്വാധീനിക്കുമെന്നുറപ്പ്. ഇതിനുപുറമെ, രാഹുലും പ്രിയങ്കയും ചേർന്ന് കലാശക്കൊട്ടിലും ഇളക്കി മറിച്ച വയനാടൻ ചുരങ്ങളിൽ നിന്ന് വീശിയടിക്കുന്ന കാറ്റും.
മൂന്ന് പതിറ്റാണ്ടോളമായി ചെങ്കൊടിയെ നെഞ്ചിലേറ്റുന്ന ചേലക്കര നിലനിറുത്താനുള്ള ജീവന്മരണ പോരാട്ടത്തിലാണ് സി.പി.എമ്മും എൽ.ഡി.എഫും. ചേലക്കര ഉൾപ്പെട്ട ആലത്തൂർ മണ്ഡലത്തിൽ നിന്ന് 2019ൽ പാർലമെന്റിലെത്തിയ രമ്യ ഹരിദാസിന് ഇവിടെ നിന്ന് നിയമസഭയിലേക്കുള്ള ടിക്കറ്റ് പിടിച്ചെടുക്കുക യു.ഡി.എഫിന് അഭിമാന പ്രശ്നം. തൃശൂർ പാർലമെന്റ് സീറ്റിലെ വിജയത്തിന്റെ ആവേശ ലഹരി വിട്ടുമാറാത്ത എൻ.ഡി.എയ്ക്കാവട്ടെ, അതേ ജില്ലയിലെ അടുത്ത പോരിലെയും വിജയം ഇരട്ടി മധുരമാവും.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഷ്ടിച്ച് ഒന്നര വർഷം അകലെ നിൽക്കെ, പാലക്കാട് എന്നതുപോലെ ചേലക്കരയിലെയും ഫലം മൂന്ന് മുന്നണികൾക്കും അതിന്റെ ഉരകല്ലുമാണ്. രാഹുൽ ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ കന്നിയങ്കയ്യത്തിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ച വയനാട്ടിലെ ഫലത്തെക്കുറിച്ച് മൂന്ന് മുന്നണികൾക്കും കാര്യമായ ഉത്കണ്ഠയില്ല എന്നതാണ് യാഥാർത്ഥ്യം. പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷമായി ഉയർത്തുകയാണ് യു.ഡി.എഫിന്റെ ഉന്നം. യു.ഡി.എഫ് കോട്ടകളെ ഒരിക്കൽ വിറപ്പിച്ച ജനകീയനായ സത്യൻ മൊകേരിയിലൂടെ അതാവർത്തിക്കാനുള്ള തയ്യാറെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ എൽ.ഡി.എഫ് സ്റ്റാർ പ്രചാരകനാക്കി. ചടുല നീക്കങ്ങളുമായി കുറഞ്ഞ നാളുകൾക്കകം ജന ഹൃദയങ്ങളിൽ ഇടം നേടിയ നവ്യ ഹരിദാസിനെ മുൻനിറുത്തി കരുത്ത് കാട്ടാനുള്ള കഠിന പ്രയത്നമാണ് സുരേഷ് ഗോപി ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരെ വരെ ഇറക്കി ബി.ജെ.പി കാട്ടിയത്.
തോരാതെ
വിവാദപ്പെരുമഴ
സി.പി.എമ്മിനെയും മുന്നണിയെയും പ്രതിക്കൂട്ടിലാക്കിയ പി.പി.ദിവ്യ കേസ് മുതൽ, തൃശൂർ പൂരം കലക്കൽ, കൊടകര കുഴൽപ്പണക്കേസ്, പാലക്കാട്ടെ ട്രോളി ബാഗ്, വയനാട്ടിലെ ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യ കിറ്റുകളിലെ പുഴു, വയനാട്ടിന് കേന്ദ്ര സഹായം നൽകാതിരിക്കൽ തുടങ്ങി, ഒടുവിൽ സുരേഷ് ഗോപിയുടെ വഖഫ് ബോർഡ് വിരുദ്ധ പരാമർശം വരെ പ്രചാരണത്തിൽ തീപ്പൊരിയായി.
കുടകര കുഴൽപ്പണക്കേസിൽ ബി.ജെ.പിയെന്നതുപോലെ പാലക്കാട്ട് കോൺഗ്രസിനെയും കള്ളപ്പണക്കേസിൽ കുടുക്കാൻ സി.പി.എം കൊണ്ടുവന്ന ട്രോളി ബാഗ് കെണി ഒടുവിൽ തിരിഞ്ഞു കുത്തിയെന്നാണ് യു.ഡി.എഫ് പ്രചാരണം. സി.പി.എം നേതാക്കൾക്കിടയിലെ ഭിന്നത പുറത്ത് വന്നതും പാലക്കാട് മണ്ഡലത്തിൽ ഒതുങ്ങുന്നതല്ല.
പി.പി.ദിവ്യയെ സംരക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയ കണ്ണൂരിലെ സി.പി.എം നേതൃത്വം, ഒടുവിൽ തരം താഴ്ത്തലിലുള്ള ദിവ്യയുടെ പിണക്കം മാറ്റാൻ മുൻ എ.ഡി.എം നവീൻ ബാബുവിനെപ്പോലും സംശയ നിഴലിലാക്കിയത് വിവാദം കനപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |