ബോളിവുഡ് നടി സൈറ വസീം വിവാഹിതയായി. 2016-ൽ ആമിർ ഖാൻ ചിത്രം ദംഗലിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സൈറ ലളിതമായ നിക്കാഹ് ചടങ്ങിലൂടെയാണ് വിവാഹിതയായത്. വിവാഹത്തിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചെങ്കിലും വരന്റെയോ സ്വന്തം മുഖമോ വെളിപ്പെടുത്താൻ തയ്യാറായില്ല.
നിക്കാഹ് പേപ്പറുകളിൽ ഒപ്പിടുന്നതും വരനൊപ്പം ചന്ദ്രനെ നോക്കുന്നതുമാണ് താരം പങ്കുവച്ച രണ്ട് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. സൈറയുടെ വിരലിലെ ഡയമണ്ട് മോതിരവും ശ്രദ്ധേയമാണ്.സ്വര്‍ണ നൂലുകൊണ്ട് എംബ്രോയിഡറി ചെയ്ത കടും ചുവപ്പ് നിറത്തിലുള്ള ദുപ്പട്ടയാണ് താരം ധരിച്ചിരിക്കുന്നത്. ക്രീം നിറത്തിലുള്ള ഷെര്‍വാണിയാണ് വരന്റെ വേഷം.
സൈറയുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. ആരാധകർ സ്നേഹം ചൊരിഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് നൽകിയത്. സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് 2019ൽ തന്റെ മതപരമായ വിശ്വാസങ്ങൾ ചൂണ്ടികാണിച്ച് സൈറ അഭിനയം നിർത്താനുള്ള തീരുമാനം എടുത്തത്. അതിനുശേഷം സോഷ്യൽ മീഡിയയിൽ നിന്നും താരം വിട്ടു നിന്നിരുന്നു.
ആമിർ ഖാന്റെ ദംഗലിൽ ഗീത ഫോഗട്ടിന്റെ ചെറുപ്പകാല വേഷം ഒറ്റരാത്രികൊണ്ടാണ് സൈറയെ പ്രശസ്തയാക്കിയത്. വേഷത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും സൈറയെ തേടിയെത്തി. പിന്നീട് 2017ൽ 'സീക്രട്ട് സൂപ്പർസ്റ്റാറി'ലും 2019-ൽ പുറത്തിറങ്ങിയ പ്രിയങ്ക ചോപ്ര, ഫർഹാൻ അക്തർ എന്നിവർക്കൊപ്പമുള്ള 'ദി സ്കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലുമാണ് താരം അവസാനമായി അഭിനയിച്ചത്.
കരിയറിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ, ഇതല്ല തന്റെ ലോകമെന്ന് പറഞ്ഞു കൊണ്ട് അഭിനയം ഉപേക്ഷിക്കുന്നുവെന്ന സൈറയുടെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. പ്രഖ്യാപനത്തിന് ശേഷം സൈറ പൊതുരംഗത്ത് നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |