പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്ക് പങ്കില്ലെന്നുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് തള്ളി മന്ത്രി വി. ശിവൻകുട്ടി. വിശദമായ വകുപ്പുതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
സംഭവത്തിൽ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാദ്ധ്യാപിക ലിസിയെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും. അതിനിടെ, ഇന്നലെ സ്കൂളിലെത്തിയ പൊലീസ് സംഘം അദ്ധ്യാപകരിൽ നിന്ന് മൊഴിയെടുത്തു. ഇൻസ്റ്റഗ്രാം സന്ദേശത്തിൽ ഉപയോഗിച്ചിരുന്ന മോശം ഭാഷയുടെ പേരിൽ അർജുൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ ഉപദേശിച്ചിരുന്നതായി അദ്ധ്യാപകർ മൊഴി നൽകിയെന്നാണ് സൂചന.
സ്‌കൂൾ വരാന്തയിലെയും പ്രധാനാദ്ധ്യാപികയുടെ മുറിയിലെയും സി.സി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. അടുത്ത ദിവസം അർജുന്റെ സഹപാഠികളുടെ മൊഴിയെടുക്കും. സംഭവത്തിനുശേഷം ചില അദ്ധ്യാപകർ അർജുന്റെ സഹപാഠികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും അർജുന്റെ വീട്ടുകാർക്ക് പരാതിയുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കും.
പാലക്കാട് പല്ലൻ ചാത്തന്നൂർ സ്വദേശിയായ അർജുൻ കഴിഞ്ഞ 14നാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ക്ലാസ് ടീച്ചർ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |