ന്യൂഡൽഹി: ജാർഖണ്ഡിൽ 15 ജില്ലകളിലെ 45 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. 683 സ്ഥാനാർത്ഥികളാണ് നാളെ ജനവിധി തേടുന്നത്.
ജെ.എം.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി ചമ്പൈ സോറൻ സെറൈകെലയിലാണ് മത്സരിക്കുന്നത്. ജംഷഡ്പൂർ വെസ്റ്റിൽ കോൺഗ്രസ് നേതാവും ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയും ജെ.ഡിയു നേതാവ് സരയു റോയിയും തമ്മിലാണ് പോരാട്ടം. 2019ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന രഘുബർ ദാസിനെ സരയൂ റോയ് പരാജയപ്പെടുത്തിയിരുന്നു.
ജംഷഡ്പൂർ ഈസ്റ്റിൽ രഘുബർ ദാസിന്റെ മരുമകളും ബി.ജെ.പി സ്ഥാനാർത്ഥിയുമായ പൂർണിമ ദാസും കോൺഗ്രസിന്റെ അജോയ് കുമാറും തമ്മിലാണ് മത്സരം. റാഞ്ചിയിൽ ജെ.എം.എമ്മിന്റെ രാജ്യസഭാ എം.പി മഹുവ മാജി 1996 മുതൽ എം.എൽ.എയും മുതിർന്ന ബി.ജെ.പി നേതാവുമായ ചന്ദേശ്വർ പ്രസാദ് സിംഗിനെയും ജഗന്നാഥ്പൂരിൽ മുൻമുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഗീത കോഡ, കോൺഗ്രസ് നേതാവ് സോനാ റാം സിങ്കുവിനെയുമാണ് നേരിടുന്നത്.
43 സീറ്റുകളിൽ ജെ.എം.എം 23 ഇടത്തും കോൺഗ്രസ് 17 സീറ്റുകളിലും ആർ.ജെ.ഡി അഞ്ചിടത്തും മത്സരിക്കുന്നു. എൻ.ഡി.എയിൽ 36 സീറ്റുകളിൽ ബി.ജെ.പിയും എ.ജെ.എസ്.യു നാലിടത്തും ജെ.ഡി.യു രണ്ട് സീറ്റിലും എൽ.ജെ.പി (ആർ) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |