ന്യൂഡൽഹി : കക്ഷിക്ക് നിയമോപദേശവും നിയമസഹായവും നൽകിയതിന് അഭിഭാഷകർക്ക് സമൻസ് അയക്കുന്ന അന്വേഷണ ഏജൻസികളുടെ നടപടിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ജൂലായ് 14ന് പരിഗണിക്കും. നേരത്തെ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഏജൻസികളുടെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കള്ളപ്പണക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിന് നിയമോപദേശം നൽകിയതിന്റെ പേരിൽ സുപ്രീംകോടതിയിലെ മലയാളി മുതിർന്ന അഭിഭാഷകൻ പ്രതാപ് വേണുഗോപാൽ, അഡ്വ. അരവിന്ദ് ദത്തർ എന്നിവർക്ക് ഇ.ഡി സമൻസ് അയച്ചത് വിവാദമായിരുന്നു. അഭിഭാഷക സമൂഹത്തിൽ നിന്ന് വൻ പ്രതിഷേധം ഉയർന്നതോടെ സമൻസ് പിന്നീട് പിൻവലിച്ചു. അഭിഭാഷകർക്ക് സമൻസ് അയക്കരുതെന്നും, അഥവാ അയക്കണമെന്നുണ്ടെങ്കിൽ അന്വേഷണസംഘം മുൻകൂർ അനുമതി വാങ്ങണമെന്നും ഇ.ഡി ഡയറക്ടർ സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു. നിയമോപദേശം നൽകിയതിന്റെ പേരിൽ അഭിഭാഷകനായ അശ്വിൻകുമാർ ഗോവിന്ദ്ഭായ് പ്രജാപതിക്ക് ഗുജറാത്ത് പൊലീസ് സമൻസ് അയച്ചത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |