ചെങ്ങന്നൂര്‍: ക്രിസ്മസ് വിപണിയില്‍ ഇറച്ചിക്കോഴികള്‍ക്ക് വിലകൂടുമെന്ന് വ്യാപാരികള്‍. കോഴിയും താറാവും പന്നിയുമെല്ലാം ഉള്‍പ്പെടുന്ന മാംസവിപണിയില്‍ തമിഴ്നാട് കൈയടക്കിയതോടെയാണ്‌കേരളത്തിലെ ഫാമുകള്‍ പ്രതിസന്ധിയിലായെന്നും വ്യാപാരികള്‍ പറയുന്നു. ഇറച്ചി കോഴികള്‍ക്ക് കിലോയ്ക്ക് 130 മുതല്‍ 140 രൂപ വരെയാണ് ഇപ്പോള്‍ വില ,ക്രിസ്മസ് കാലയളവില്‍ ഇത് 160 - 170 റേഞ്ചിലേക്ക് എത്താന്‍ സാദ്ധ്യതയുണ്ടെന്ന് ഇറച്ചിക്കോഴി കട ഉടമകള്‍ പറയുന്നു. പക്ഷിപ്പനിയുടെ പേരില്‍ താറാവിനും കോഴിക്കും നിരോധനം, പന്നിപ്പനിയുടെ പേരില്‍ പന്നിവളര്‍ത്തലില്‍ പ്രതിസന്ധി എന്നിവയായതോടെ കര്‍ഷകര്‍ മറ്റ് രംഗങ്ങളിലേക്ക് തിരിഞ്ഞത്.
ഇതോടെയാണ് കോഴിഫാമില്‍ തമിഴ്നാടിന് സ്വാധീനം വര്‍ദ്ധിച്ചത് . തുടര്‍ച്ചയായി ഉണ്ടാകുന്ന രോഗബാധകളും നിരോധനങ്ങളും കേരളത്തിലെ കര്‍ഷകരെ കടക്കെണിയിലാക്കി. ലക്ഷങ്ങളാണ് പലരുടെയും ബാദ്ധ്യത. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കൂടുതലായി ഇറച്ചിക്കോഴികള്‍ എത്തുന്നത്.
ഫാമുകള്‍ അടച്ചുപൂട്ടി, കൃഷി നിറുത്തി കര്‍ഷകര്‍
പക്ഷിപ്പനി ജില്ലയില്‍ നിന്നും പൂര്‍ണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ആഗസ്റ്റിലും സെപ്റ്റംബറിലും കള്ളിംഗ് നടത്തി ലക്ഷക്കണക്കിന് താറാവുകളെയും കോഴികളെയുമാണ് പല ഫാമുകളിലും ഇല്ലാതാക്കിയത്. സാഹചര്യം പ്രതികൂലമായതോടെ മിക്ക ഫാമുകളും അടച്ചുപൂട്ടി. താറാവ് വളര്‍ത്തല്‍ ഇല്ലെന്നുതന്നെ പറയാം. പകുതിയിലധികം പേരും പൂര്‍ണമായി കൃഷി നിറുത്തിയെന്നാണ് സൂചന. കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ തമിഴ്നാട്ടില്‍ നിന്നുമാണ് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ചിരുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ എത്തുന്നില്ലെങ്കിലും ഇറച്ചിക്കോഴി വില്‍പ്പന തടസമില്ലാതെ തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്നതാണ് ഇവയിലേറെയും. ഇതിനെല്ലാം കര്‍ശനമായ നിയന്ത്രങ്ങള്‍ മൃഗസംരക്ഷണവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തില്‍ ഫലപ്രദമല്ലെന്നാണ് സ്ഥിതിഗതികള്‍ തെളിയിക്കുന്നത്.
നിരോധനം കാരണം ഇറച്ചിക്കോഴി, താറാവ് വിലകളില്‍ വര്‍ദ്ധനവുണ്ടായില്ലെങ്കിലും ക്രിസ്മസ് സീസണ്‍ ആകുമ്പോഴേക്കും വില ഉയരാനുള്ള സാദ്ധ്യതയുണ്ട്. - (വ്യാപാരികള്‍)
ഇറച്ചിക്കോഴി - വില, കിലോ 130 മുതല്‍ 140 വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |