തൃശൂർ: വോട്ടർമാർക്ക് അനധികൃതമായി പണവും മദ്യവും നൽകി വോട്ട് പിടിക്കുകയാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും ചെയ്യുന്നതെന്ന് ഡിഎംകെ നേതാവ് പി വി അൻവർ എംഎൽഎ. ചെറുതുരുത്തിയിൽ നിന്ന് 25 ലക്ഷം പിടിച്ചു. മുഖ്യമന്ത്രിയുടെ മരുമകൻ ക്യാമ്പ് ചെയ്യുന്നയിടത്തുനിന്നാണ് പണം പിടിച്ചെടുത്തതെന്നും പി വി അൻവർ പറഞ്ഞു. ചേലക്കരയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം.
'കോളനികളിൽ സ്ളിപ്പുകൾ കവറിലാക്കിയാണ് നൽകുന്നത്. കവറിനുള്ളിൽ പണമുണ്ട്. ഇടതുമുന്നണിയാണ് പണം കൊടുക്കുന്നത്. പണം മാത്രമല്ല മദ്യവും ഒഴുക്കുന്നത്. കഴിഞ്ഞദിവസം ഒരു സിപിഎം നേതാവും കോൺഗ്രസ് നേതാവും തന്നോട് ചോദിച്ചു, എന്തിനാണ് കോളനികളിൽ വെയിലുകൊണ്ട് നടക്കുന്നതെന്ന്. കൊടുക്കേണ്ട സാധനങ്ങൾ തലേദിവസം കൊടുക്കുമെന്ന് പറഞ്ഞു. മൂന്ന് മുന്നണികളും പണവും മദ്യവും ഒഴുക്കാനുള്ള നീക്കത്തിലാണ്. ഇലക്ഷൻ കമ്മിഷന് ഞാൻ പരാതി നൽകിയിട്ടുണ്ട്-'പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ പൊലീസും ഇലക്ഷൻ കമ്മിഷൻ ഉദ്യോഗസ്ഥരുമെത്തി വാർത്താസമ്മേളനം തടഞ്ഞു. വാർത്താസമ്മേളനം ചട്ടലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നോട്ടീസ് നൽകിയെങ്കിലും അൻവർ വാർത്താസമ്മേളനം തുടർന്നു. വാർത്താസമ്മേളനത്തിൽ ഉടൻ തുടർനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മിഷൻ ഉദ്യോഗസ്ഥർ.
പി വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനത്തിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ചേലക്കരയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് വാർത്താസമ്മേളനം നടന്നത്. ജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില വിവരങ്ങൾ ഇന്ന് 10.30ന് വാർത്താസമ്മേളനത്തിൽ പറയുമെന്ന് കഴിഞ്ഞദിവസം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പി വി അൻവർ അറിയിച്ചിരുന്നു.
ചേലക്കരയിൽ പരസ്യ പ്രചാരണം അവസാനിച്ചതിനാൽ നേതാക്കളെല്ലാം മണ്ഡലത്തിൽ നിന്ന് മടങ്ങിയിരുന്നു. മാദ്ധ്യമങ്ങളെ കാണുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അതിനാൽ അനുമതി നൽകാനാവില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. വാർത്താസമ്മേളനത്തിന് എത്തരുതെന്ന് അൻവറിനെ അറിയിക്കാൻ അനുയായികളോട് പൊലീസ് പറയുകയും ചെയ്തിരുന്നു. വാർത്താസമ്മേളനം നടത്തിയാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ എന്തായാലും വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു പി വി അൻവർ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |