തിരുവനന്തപുരം: ഇപ്പോഴത്തെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സാലറി ചലഞ്ച് പ്രത്യേകമായി നടപ്പാക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പെൻഷൻകാരും ജീവനക്കാരുമെല്ലാം ഒരു മാസത്തെ ശമ്പളവും പെൻഷനും നൽകുന്നുണ്ട്. ധാരാളം സംഭാവന വരുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് ഇപ്പോൾ സർക്കാർ ആവശ്യപ്പെടാതെ തന്നെ പങ്കെടുക്കാനുള്ള അവസരമാണിത്. മന്ത്രിമാർ ഒരു മാസത്തെ ശമ്പളവും അലവൻസുകളും ചേർത്ത് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന നിയമവിധേയമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ പ്രളയത്തിന്റെ തകർച്ചയിൽ നിന്ന് കേരളത്തെ പുനർനിർമിക്കാൻ 31000 കോടി രൂപയെങ്കിലും വേണമെന്നാണ് യുഎൻ കണക്കാക്കിയത്. ഇപ്പോൾ ആ ബാധ്യത വർധിച്ചിരിക്കുന്നു. അതിനനുസരിച്ചുള്ള വിഭവസമാഹരണം നടത്തണം. ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിനായി എല്ലാവരും സർക്കാരിനോടൊപ്പം കൈകോർക്കണം. എത്ര ചെറിയ തുകയും ചെറുതല്ല. എത്ര വലിയ തുകയും വലുതുമല്ല. അത്രമേൽ വ്യാപ്തിയുള്ളതാണ് നാം നേരിടുന്ന ദുരന്തം. ദുഷ്പ്രചാരണങ്ങളിൽ പെട്ടുപോകാതെ നാടിനെ രക്ഷിക്കാൻ ഒരുമിക്കണം.
മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആർക്കും പരിശോധിക്കാവുന്നതുമാണ്. അതിന്റെ പ്രയോജനം ലഭിക്കുന്നത് അർഹതയുള്ളവർക്കു മാത്രമാണ്. അതുകൊണ്ടാണ് ദുഷ്പ്രചാരണം നടത്തിയിട്ടും സംഭാവന നൽകാൻ ജനങ്ങൾ തയ്യാറാവുന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും ദുരിതാശ്വസ നിധികൾ ഓഡിറ്റ് ചെയ്യുന്നത് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ്. സംസ്ഥാനനിധി നിയമസഭയിലും ദേശീയനിധി പാർലമെന്റിലും കണക്കു പറയേണ്ടതാണ്. ഇതെല്ലാം മറച്ചുവച്ച് പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണ്. ഇതിനോട് സാമ്യമുള്ള ഒരു അഡ്രസ്സുണ്ടാക്കി പണം തട്ടാനും ശ്രമമുണ്ട്. നിധി മുടക്കാനും കൊള്ളയടിക്കാനുമുള്ള ശ്രമങ്ങളെ ശക്തമായി നേരിടും.
പ്രളയ ദുരിതാശ്വാസത്തിനുത്തിനു ജനങ്ങൾ നൽകിയ സംഭാവന അതിനു മാത്രമാണ് ഉപയോഗിക്കുക. കഴിഞ്ഞ പ്രളയത്തിനുശേഷം 2276.4 കോടി രൂപയാണ് സർക്കാർ അങ്ങനെ ചെലവിട്ടത്. അതിൽ 457.6കോടി രൂപ ആശ്വാസ സഹായമാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള ആശ്വാസമായി നൽകിയത് 1636 കോടി രൂപയാണ്. ചികിത്സാ സഹായത്തിനടക്കം പണം നൽകുന്നത് നിധിയിലേക്കുള്ള ബഡ്‌ജറ്റ് വിഹിതത്തിൽ നിന്നാണ്. മുൻകാലങ്ങളിൽ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ചെലവടക്കം നൽകിയ അനുഭവമുണ്ട്.
ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടിരിക്കുകയാണെന്ന പ്രചാരണത്തിനൊന്നും വിശദീകരണം നൽകുന്നില്ല. പ്രധാനമന്ത്റിയുടെ ദുരിതാശ്വാസ നിധി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പരിശോധിച്ചാൽ തീരുന്ന
സംശയമേയുള്ളൂ. കഴിഞ്ഞ തവണത്തേത് മുഴുവൻ ചെലവാക്കിയില്ലെന്നാണ് മറ്റൊരു പ്രചാരണം. അങ്ങനെ ഒറ്റയടിക്ക് ചെലവാക്കാനുള്ളതല്ല ആ തുക. വീട് നിർമിക്കാൻ തുക അനുവദിച്ചാൽ അത് പൂർത്തിയാകുന്ന മുറയ്ക്കാണ് കൊടുത്തുതീർക്കുക.. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി ഉൾപ്പെടെ വലിയ തുക അതിന് വേണ്ടതുണ്ട്. അതിൽ നിന്നെടുത്ത് മറ്റാവശ്യങ്ങൾക്കു ചെലവാക്കിയാൽ കഴിഞ്ഞ പ്രളയകാലത്തെ ദുരന്തബാധിതകർക്കുള്ള സഹായത്തെയാണ് ബാധിക്കുക- മുഖ്യമന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |