കണ്ണൂർ (കേളകം): നാടക സംഘത്തിന്റെ മിനി ബസ് മറിഞ്ഞ് രണ്ട് നടിമാർക്ക് ദാരുണാന്ത്യം. കായംകുളം മുതുകുളം തെക്ക് ഹരിശ്രീഭവനിൽ ശ്രീകൃഷ്ണന്റെ ഭാര്യ അഞ്ജലി (32), ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കലാമന്ദിറിൽ വാടകയ്ക്ക് താമസിക്കുന്ന ജെസി മോഹൻ (58) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ് (39), ബിന്ദു (56), സുരേഷ് (60), വിജയകുമാർ (52), കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43), കായംകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കൽ സ്വദേശി സുഭാഷ് (59),മുഹമ്മ സ്വദേശി സജിമോൻ, ചേർത്തല മറ്റവന സ്വദേശി സാബു, കൊല്ലം പന്മന സ്വദേശി അജയകുമാർ എന്നിവർ ചികിത്സയിലാണ്. ചിലരുടെ പരിക്ക് ഗുരുതരമാണ്.ജെസി മോഹന്റെ ഭർത്താവും നാടക നടനുമായിരുന്ന തേവലക്കര മോഹൻ അഞ്ചുമാസം മുമ്പാണ് മരിച്ചത്. മകൾ: സ്വാതി മോഹൻ. മരുമകൻ: അനു. അഞ്ജലിക്ക് ഒരു മകനുണ്ട്. മൂന്നരവയസുകാരൻ ഡ്രോൺ.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസിന്റെ 'വനിതാമെസ്" എന്ന നാടകം കടന്നപ്പള്ളി തെക്കേക്കര റെഡ്സ്റ്റാറിന്റെ നാടകോത്സവത്തിൽ അവതരിപ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ബസിൽ 14 യാത്രക്കാരുണ്ടായിരുന്നു. കേളകം മലയാമ്പാടിയിൽ ഇന്നലെ പുലർച്ചെ നാലിനായിരുന്നു അപകടം. സംഘം കടന്നപ്പള്ളിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്നു. നെടുംപോയിൽ വഴി ചുരം കയറിയ വാഹനം റോഡ് ബ്ലോക്കാണെന്ന് മനസിലാക്കി ഏലപ്പീടിക മലയാംപടി റോഡിലൂടെ കേളകത്തേക്ക് തിരിഞ്ഞു. ഇതിനിടെ മലയമ്പാടി ഇറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട് കുത്തനെ മറിയുകയായിരുന്നു.
മരിച്ച അഞ്ജലിയുടെയും ജെസി മോഹന്റെയും കുടുംബങ്ങൾക്ക് 25,000 രൂപ അടിയന്തര ധനസഹായമായി സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടമുണ്ടാക്കിയത് ഗൂഗിൾ മാപ്പ്
ചുരം റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ ഗൂഗിൾ മാപ്പ് നോക്കി പോകാൻ ശ്രമിച്ചതാണ് അപകട കാരണമെന്നാണ് സൂചന. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് ചെറിയ വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ റോഡാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |