നാൽപ്പതാം പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. നടിക്ക് പിറന്നാൾ ആശംസകളുമായി ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരത്തിന് വിഘ്‌നേഷ് ആശംസകൾ അറിയിച്ചിരിക്കുന്നത്. 'നിങ്ങളോടുള്ള എന്റെ ബഹുമാനം, എനിക്ക് നിങ്ങളോടുളള സ്നേഹത്തേക്കാൾ ദശലക്ഷം മടങ്ങ് കൂടുതലാണ്, നീ എന്റെ തങ്കമാണ്'എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. സിനിമാപ്രവർത്തകരടക്കം നിരവധി ആരാധകരാണ് നയൻതാരയ്ക്ക് സോഷ്യൽമീഡിയയിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, നയൻതാരയുടെ ജീവിതം പ്രേമേയമായ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കോളിവുഡിൽ കനത്ത വിവാദം തുടരുകയാണ്. നടൻ ധനുഷിനെതിരെ തുറന്ന കത്ത് താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. ഇതോടെ നയൻതാരയ്ക്ക് നേരേ സൈബർ ആക്രമണവും ഉണ്ടായി. ധനുഷിനെ പിന്തുണയ്ക്കുന്ന തരത്തിലുളള ഹാഷ്‌ടാഗുകൾ ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
ധനുഷ് നിർമിച്ച് നയൻതാര അഭിനയിച്ച 'നാനും റൗഡി താൻ' എന്ന സിനിമയിലെ ചില ഭാഗങ്ങൾ ചേർക്കുന്നതിന് എൻഒസി കിട്ടാൻ രണ്ട് വർഷം കാത്തിരുന്നുവെന്നും നടി വിമർശിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് നയൻതാരയെ വിമർശിച്ചും ധനുഷിനെ അനുകൂലിച്ചുമുളള പ്രചാരണം സോഷ്യൽമീഡിയയിൽ ശക്തമായത്. ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ അടക്കം താരങ്ങൾ നയൻതാരയ്ക്ക് കഴിഞ്ഞ ദിവസം തന്നെ പിന്തുണ അറിയിച്ചിരുന്നു. ശ്രുതിഹാസൻ അടക്കമുളള തമിഴ് നടിമാർ പിന്തുണച്ചെങ്കിലും, മലയാളി നടിമാർ മാത്രമാണ് നയൻതാരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. വിഷയത്തിൽ ധനുഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |