ആലപ്പുഴ: ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ ഓമനക്കുട്ടനെ രൂക്ഷഭാഷയിൽ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. ഓമനക്കുട്ടന്റെ പ്രവൃത്തി പാർട്ടിക്കും സർക്കാരിനും വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ പാർട്ടി പാർട്ടിയുടെ തീരുമാനം എടുക്കുമെന്നും, നിയമപ്രകാരം സർക്കാർ ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തെ വില്ലേജ് ഓഫീസർ തന്റെ ഒരാവശ്യത്തിനായി പോയപ്പോൾ, അവിടെയുണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥർ സ്ഥലം വിട്ടു പോയതിനെ പറ്റി ജില്ലാ കളക്ടർ അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയിൽ സംഭവം നടന്ന ദുരിതാശ്വാസ ക്യാമ്പിന് മുന്നിൽവച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ജി.സുധാകരൻ.
അതേസമയം മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഒരാൾ, തങ്ങൾക്കിതിൽ പരാതിയില്ലെന്ന് പറഞ്ഞപ്പോൾ, നിങ്ങളുടെ പേരിലും കേസെടുക്കേണ്ടതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു. ഓമനക്കുട്ടനല്ല യഥാർത്ഥ കുറ്റവാളിയെന്നും അത് നിങ്ങളാണെന്നും പ്രളയ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാൻ വകുപ്പുണ്ടെന്നും മന്ത്രി പൊട്ടിത്തെറിച്ചു. 'പാർട്ടിയെ അപമാനിച്ചയാളെ നിങ്ങൾ വീണ്ടും ന്യായീകരിക്കുകയാണ്. പാർട്ടിയെ അപമാനിച്ചാൽ നിങ്ങൾക്ക് വിഷമമില്ലേ? നിങ്ങൾ ഇതിനെ(പണപ്പിരിവിനെ) ന്യായീകരിക്കുകയല്ലേ? മിണ്ടാതെ അവിടെ ഇരുന്നോ. നിങ്ങടെയൊരു വാദം!' മന്ത്രി പറഞ്ഞവസാനിപ്പിച്ചു.
അതേസമയം ഓമനക്കുട്ടനെ പാർട്ടിയിൽ നിന്നും സി.പി.എം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാൾ പാർട്ടിയുടെ കുറുപ്പിൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഓമനക്കുട്ടൻ ക്യാമ്പിൽ പിരിവ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ ക്യാമ്പിലേക്ക് എത്തിക്കുന്നതിന്റെ വാഹന വാടകയായാണ് ഇയാൾ പണം പിരിച്ചതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |