ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്ന ശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി പകർന്നതോടെ ഭക്തരെ പതിനെട്ടാം പടികയറി ദർശനം നടത്താൻ അനുവദിച്ചു.
മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. ഇന്ന് പുലർച്ചെ 5 ന് നിർമ്മാല്യം, നെയ്യഭിഷേകം, മഹാഗണപതി ഹോമം എന്നീ ചടങ്ങുകളോടെ പൂജകൾ തുടങ്ങും. അഞ്ച് ദിവസങ്ങളിലും പതിവ് പൂജകൾക്ക് പുറമേ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 21 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം നടക്കും. ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നേടിയ 9 പേർ വീതമുള്ള മേൽശാന്തിമാരുടെ പട്ടിക രണ്ടിടത്തേക്കുമായി തയ്യാറാക്കിയിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ മാധവ് കെ. വർമ്മ ശബരിമലയിലെയും കാഞ്ചന വർമ്മ മാളികപ്പുറത്തെയും മേൽശാന്തിമാരെ നറുക്കെടുക്കും. ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് മേൽനോട്ടം വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മെമ്പർമാരായ കെ.പി. ശങ്കരദാസ്, അഡ്വ. വിജയകുമാർ, ദേവസ്വം കമ്മിഷണർ എം. ഹർഷൻ എന്നിവരും നറുക്കെടുപ്പിന് നേതൃത്വം നൽകാൻ സന്നിധാനത്തുണ്ട്. ഈ വർഷം മുതൽ തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർ കന്നിമാസം 1 മുതൽ 31 വരെ ശബരിമലയിലും മാളികപ്പുറത്തും ഭജനമിരിക്കണം. ക്ഷേത്ര പൂജകളും മറ്റും കൂടുതലായി മനസിലാക്കുന്നതിനായി ദേവസ്വം ബോർഡ് പുതിയായി ഏർപ്പെടുത്തിയ സംവിധാനമാണിത്. മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന നവംബർ 16 നാണ് ഇരുവരുടെയും അവരോധന ചടങ്ങ്. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരാണ് ക്ഷേത്ര നടകൾ തുറക്കുക. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി പത്തിന് നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി 9 ന് വൈകിട്ട് 5 മണിക്ക് നട തുറന്ന് 13 ന് രാത്രി പത്തിന് അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |