പോത്തൻകോട്: പത്തനംതിട്ട ചുട്ടിപ്പാറ എസ്.എ.ഇ നഴ്സിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി അമ്മു എ.സജീവിന്റെ മരണത്തിൽ കൂടുതൽ തെളിവുകൾ പുറത്തെന്ന് മാതാപിതാക്കൾ.അമ്മു കെട്ടിടത്തിൽ നിന്ന് ചാടിയെന്ന്,സംഭവ ദിവസം 4.30ന് സഹപാഠികൾ ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജ് അധികൃതരുടെ മൊഴിയെന്നും എന്നാൽ രണ്ടര കിലോമീറ്റർ അകലെയുള്ള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അമ്മുവിനെ എത്തിച്ചതാകട്ടെ 5.15നാണെന്നും ഇവർ പറയുന്നു.ആശുപത്രിയിലെത്തിക്കാൻ കൂടുതൽ സമയമെടുത്തതായും ആശുപത്രിയിൽ ഒന്നര മണിക്കൂറിലേറെ കിടത്തിയിരുന്നതായും ആശുപത്രി രേഖകളിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ തടസം നിന്നവരെ ചോദ്യം ചെയ്യണമെന്നാണ് അമ്മുവിന്റെ മാതാപിതാക്കളുടെ ആവശ്യം.മകളുടെ അപകടമറിഞ്ഞ് കോളേജിലേക്ക് പോകുന്നതിനിടയിൽ നിരന്തരം ഹോസ്റ്റൽ വാർഡനെ വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നെന്നും വൈകി ഫോൺ എടുത്തപ്പോൾ ടെറസിൽ തുണിയെടുക്കാൻ പോയപ്പാേൾ കാൽ വഴുതി വീണെന്നാണ് വാർഡൻ പറഞ്ഞതായി അമ്മുവിന്റെ അമ്മ രാധാമണിയുടെ മൊഴി.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതാണെങ്കിൽ ഉണ്ടാകേണ്ട പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.വസ്ത്രത്തിൽ രക്തക്കറയോ ചെളിയോ മണ്ണോ പുരണ്ടിട്ടില്ല.നെറ്റിയുടെ ഒരു ഭാഗത്ത് ചെറിയ ചതവും തലയുടെ പിറകിൽ രണ്ടു പാടുകളും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഇൻക്വസ്റ്റിന് സാക്ഷിയായ പോത്തൻകോട് ഗ്രാമപഞ്ചായത്തംഗം ബിന്ദു സത്യൻ പറഞ്ഞു.കോളേജിലും ഹോസ്റ്റലിലും അമ്മുവുമായി ശത്രുത പുലർത്തിയിരുന്ന ഒമ്പതംഗ സംഘത്തിനെ വിശദമായി ചോദ്യം ചെയ്താൽ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന് അമ്മുവിന്റെ ബന്ധുക്കൾ പറഞ്ഞു. ഇവരുമായുള്ള തർക്കത്തെ തുടർന്നാണ് അമ്മു മറ്റൊരു മുറിയിലേക്ക് മാറിയത്. ഇവിടെ അമ്മുവിനൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനി അവധിക്ക് വീട്ടിലേക്ക് പോയിരുന്നതിനാൽ അമ്മു റൂമിൽ തനിച്ചായിരുന്നു.സംഭവത്തെക്കുറിച്ച് അദ്ധ്യാപകരുടെയും സഹപാഠികളുടെയും മൊഴികളിൽ പൊരുത്തക്കേടുകളുള്ളതിനാൽ വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |