തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ സഹായം വൈകുന്നതിലുള്ള പ്രതിഷേധം പാർലമെന്റിൽ അറിയിക്കണമെന്ന് എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദുരന്തമുണ്ടായ ഉടൻ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ഗതാഗത സൗകര്യങ്ങൾ അതിവേഗത്തിൽ പുനഃസ്ഥാപിക്കാനും വേണ്ട സഹായങ്ങൾ ലഭ്യമാക്കി. ഇക്കാര്യത്തിലുള്ള നന്ദി സംസ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രത്യേക ധനസഹായമായി ഒരു രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നതും പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.വയനാട് സഹായം നേടിയെടുക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന നിർദ്ദേശത്തോട് എം.പിമാർ യോജിപ്പ് പ്രകടിപ്പിച്ചു.
ദുരന്തത്തിൽ നേരിട്ട നഷ്ടവും ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (എൻ ഡി ആർ എഫ്) മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയ്യാറാക്കി കേന്ദ്രത്തിന് നിവേദനം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 1,202 കോടിയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് നൂറ് ദിവസത്തിലധികമായി. മെമ്മോറാണ്ടം സമർപ്പിച്ചിട്ട് മൂന്ന് മാസത്തിലധികവും . ഇതിനിടയിൽ മറ്റ് പല സംസ്ഥാനങ്ങൾക്കും അവർ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നൽകിയിട്ടുണ്ട്.സമഗ്രമായ ഒരു ടൗൺഷിപ്പാണ് മേപ്പാടിയിൽ വിഭാവനം ചെയതിരിക്കുന്നത്.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഇന്നലെ വിളിച്ച എം.പിമാരുടെ യോഗത്തിൽ അജൻഡ അറിയിക്കാൻ വൈകിയതായി പരാതി. അടൂർ പ്രകാശ് എം.പിയാണ് ഇക്കാര്യം യോഗത്തിൽ ഉന്നയിച്ചത്.
മറ്റാവശ്യങ്ങൾ:
□കേരളത്തിനു ലഭിക്കുന്ന കേന്ദ്ര വിഹിതവും ഗ്രാന്റും വലിയ തോതിൽ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ 24,000 കോടിയുടെ സ്‌പെഷ്യൽ പാക്കേജ് അനുവദിക്കണം .
□കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തണം.
□വിഴിഞ്ഞം പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് വ്യവസ്ഥ ഒഴിവാക്കി ഗ്രാന്റായി ലഭ്യമാക്കണം.
□എയിംസ് എന്ന ദീർഘകാലത്തെ ആവശ്യം അംഗീകരിക്കണം. കോഴിക്കോട്ടെ കിനാലൂരിൽ 200 ഏക്കർ സ്ഥലം എയിംസിനായി ഏറ്റെടുത്ത് കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |