SignIn
Kerala Kaumudi Online
Sunday, 19 January 2025 9.50 PM IST

അഷ്‌റഫിന്റേത് തറവേല, മോഹൻലാലോ ഷാജി കൈലാസോ കണ്ടുനിന്നിട്ടും ഇടപെടാത്ത സംഭവം; ചെകിട്ടത്തടിക്ക് പിന്നിലെ യാഥാർത്ഥ്യം

Increase Font Size Decrease Font Size Print Page
padmakumar-renjith-oduvil

ആറാംതമ്പുരാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് മുതിർന്ന നടൻ ഒടുവിൽ ഉണ്ണികൃഷ്‌ണനെ തിരക്കഥാകൃത്തായിരുന്ന രഞ്ജിത്ത് ചെകിട്ടത്തടിച്ചെന്ന ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തൽ വലിയ വാർത്താ പ്രാധാന്യം നേടുകയാണ്. മദ്യലഹിരിയിൽ ഒടുവിലിന്റെ ചെകിട്ടത്തടിച്ചതും, അദ്ദേഹം നിലത്ത് വീണതുമെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് വെളിപ്പെടുത്തിയത്. രഞ്ജിത്ത് ഇന്ന് അനുഭവിക്കുന്ന നിയമനടപടികൾ ഇതിന്റെയെല്ലാം ഫലം കൂടിയാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

എന്നാൽ, യൂട്യൂബ് ചാനലിന്റെ റേറ്റിംഗിന് വേണ്ടി ആലപ്പി അഷ‌്‌റഫ് നടത്തിയ തറവേലയാണ് ഈ വെളിപ്പെടുത്തലെന്നാണ് സംവിധായകൻ എം. പദ്‌മകുമാർ പറയുന്നത്. ആറാംതമ്പുരാൻ സിനിമയിൽ അസോസിയേറ്റ് ഡയറക്‌ടായി മുഴുവൻ സമയവും താൻ ഉണ്ടായിരുന്നെന്നും, എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി അഷറഫ് അവതരിപ്പിക്കുന്നതെന്ന് പദ്‌മകുമാർ വെളിപ്പെടുത്തുന്നു.

പദ്‌മകുമാർ എഴുതിയത്-

''ഞാൻ M പത്മകുമാർ, ഒരു മലയാള ചലച്ചിത്ര സംവിധായകൻ എന്നറിയപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരുപാടു പേരുടെ പിന്തുണയും ആശംസകളും അകമഴിഞ്ഞ സ്നേഹവും ഉണ്ട്. Dr. ബാലകൃഷ്ണനും ഹരിഹരൻ സാറും ശശിയേട്ടനും (l V ശശി) ഷാജി യേട്ടനും രഞ്ജിയും ഉൾപ്പെടെ. രഞ്ജി എന്നു ഞങ്ങൾ വിളിക്കുന്നത് രഞ്ജിത്തിനെയാണ്. മലയാള സിനിമയിലെ എന്റെ ഗുരുവും സുഹൃത്തും സഹോദരനും എല്ലാമാണ് രഞ്ജി. അത് ഏത് ദുരാരോപണങ്ങൾക്ക് അദ്ദേഹം ഇരയായാലും അങ്ങനെ തന്നെയാണ്. പിന്നിട്ട കാലങ്ങളെ മറക്കാം, മായ്ച്ചു കളയാനാവില്ലല്ലോ.

രഞ്ജിത്ത് എന്ന സംവിധായകനുമേൽ, എഴുത്തുകാരനു മേൽ ഉന്നയിക്കപ്പെട്ട കുറ്റച്ചാർത്തുകൾ കോടതികളുടെ പരിഗണനയിലാണ്. അതിന്റെ ശരിതെറ്റുകൾ കോടതിയും കാലവും തെളിയിക്കട്ടെ,നമുക്ക് കാത്തിരിക്കാം… പക്ഷെ ഇപ്പോൾ ഏറ്റവും ഒടുവിൽ നികൃഷ്ടമായ മറ്റൊരു കുറ്റകൃത്യം കൂടെ ഇതാ രഞ്ജിത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നു. അത് ഞാൻ ബഹുമാനിക്കുന്ന സംവിധായകൻ ശ്രീ ആലപ്പി അഷറഫിൽ നിന്നാണ്. അദ്ദേഹത്തിന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അത് ലോകത്തെ അറിയിച്ചത്. 'ആറാം തമ്പുരാൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്ന കുറച്ചു സമയത്ത് അദ്ദേഹം സാക്ഷിയായ ഞെട്ടിക്കുന്ന ഒരു സംഭവമാണ് വിഷയം. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന കലാകാരനെ തിരക്കഥാകൃത്തായ രഞ്ജിത്ത് മർദ്ദിക്കുന്നു; രോഗിയായ ഒടുവിൽ താഴെ വീഴുന്നു, കരയുന്നു. നൂറ്റി ഇരുപതിലധികം വരുന്ന യൂണിറ്റ് മൊത്തം അത് കണ്ട് നിഷ്ക്രിയരായി നിൽക്കുന്നു, ഇദ്ദേഹം ഉൾപ്പെടെ… ഇതാണ് ശ്രീ ആലപ്പി അഷറഫിന്റെ സാക്ഷിമൊഴി. 1996ൽ നടന്ന ഈ സംഭവത്തിൽ പ്രതികരിക്കാൻ ശ്രീ അഷറഫിന് സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു!

ശ്രീ അഷറഫ് കുറച്ചു സമയം ഉണ്ടായിരുന്ന 'ആറാം തമ്പുരാൻ'എന്ന സിനിമയിൽ മുഴുവൻ സമയം ഉണ്ടായിരുന്ന അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു, ഞാൻ. ശ്രീ അഷറഫ് പറഞ്ഞ പ്രസ്തുത സംഭവം, സിനിമകൾ ഇല്ലാതായി കഴിയുമ്പോൾ വാർത്തകളുടെ ലൈം ലൈറ്റിൽ തുടരാൻ വേണ്ടി ചില സിനിമാ പ്രവർത്തകർ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകൾക്ക് Subscription കുട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളിൽ ഒന്നു മാത്രമാണ്. ആറാം തമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞുപോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളിൽ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നിൽ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോർക്കലും ഒടുവിലിന്റെ വാക്കുകൾ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത ഒരു ചെറിയ സംഭവമാണ് സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്ന ഒരു സ്ഫോടകാത്മക വാർത്തയായി ശ്രീ അഷറഫ് അവതരിപ്പിക്കുന്നത്… അതും 28 വർഷങ്ങൾക്കു ശേഷം! അന്ന് ആ സെറ്റിൽ ഉണ്ടായിരുന്ന ലാലേട്ടനും നിർമ്മാതാവ് സുരേഷ്കുമാറും സംവിധായകൻ ഷാജി കൈലാസും ഉൾപ്പെടെ ഈ അധമവൃത്തിക്കെതിരെ പ്രതികരിച്ചില്ല! എന്തിന് ശ്രീ അഷറഫ് പോലും!

അവസരങ്ങൾക്കു വേണ്ടി മുട്ടുമടക്കാത്ത, തലകുനിക്കാത്ത കലാകാരൻമാരെ അഹങ്കാരികൾ എന്ന് സിനിമാലോകത്ത് വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണത്തെ സ്വന്തം തൊപ്പിയിലെ ഒരു തൂവലായി കൊണ്ടു നടക്കുന്നവരിൽ ഒരാളായിട്ടാണ് രഞ്ജിത്തിനെ വ്യക്തിപരമായി ഞാൻ കണ്ടിട്ടുള്ളത്… തെറ്റുകൾ പറ്റാം, കുറവുകൾ കണ്ടെത്താം… വിമർശിക്കാം… പക്ഷെ അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ആൾക്കൂട്ടക്കയ്യടി വാങ്ങി ഇല്ലാതാക്കാം എന്നു വിചാരിക്കരുത്.ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ കുറച്ചു കൂടി മ്ലേച്ഛമായ മറ്റു വഴികൾ നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു!!''

TAGS: ODUVIL UNNIKRISHNAN, MOHANLAL, RENJITH, ARAMTHAMBURAN, PADMAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.