തൃശൂർ: നാട്ടികയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ലോറി ഡ്രൈവർക്കും ക്ളീനർക്കുമെതിരെ മനഃപൂർവ്വമായ നരഹത്യയ്ക്ക് കേസെടുത്തുവെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. അപകടത്തെ സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
വണ്ടി ഓടിച്ചവരിൽ നിന്ന് ഗുരുതരമായ പിഴവാണ് ഉണ്ടായത്. മാഹിയിൽ വണ്ടി നിർത്തി മദ്യം വാങ്ങി ഇരുവരും ഉപയോഗിച്ചുവെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മനഃപ്പൂർവ്വമായ നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മരണപ്പെട്ടവരുടെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടികൾ സർക്കാർ തന്നെ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മൂന്നുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതമാണ്. ജയവർദ്ധൻ, വിജയ്, ചിത്ര എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർക്കാവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം മെഡിക്കൽ കോളേജിന് നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ നാട്ടികയിൽ ജെ കെ തിയേറ്ററിനടുത്ത് ദേശീയ പാതയിൽ മേൽപ്പാലത്തിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തടി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ഉറങ്ങിക്കിടന്നവരുടെ ഇടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിയാനുണ്ട്. ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് ഇവരെന്നാണ് പൊലീസിന് ലഭിച്ച വിവരം.
മദ്യലഹരിയിലായിരുന്ന ക്ളീനറാണ് ലോറി ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു. സംഭവത്തിൽ ലോറി ഡ്രൈവർ ജോസും ക്ളീനർ കണ്ണൂർ ആലക്കോട് സ്വദേശി അലക്‌സുമാണ് (33)അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |