കണ്ണൂർ: വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ച നടന്നതിന് തൊട്ടടുത്ത ദിവസവും മോഷ്ടാവ് ഈ വീട്ടിൽ കയറി. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്നും വീട്ടിൽ ആളില്ലെന്ന് കൃത്യമായി അറിയുന്ന ആളുകളാണ് ഇതിനുപിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. തമിഴ്‌നാടും കർണാടകയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അരി മൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സിന്റെ ഉടമ കെ പി അഷറഫിന്റെ വളപട്ടണം മന്ന കെ.എസ്.ഇ.ബി ഓഫീസിനു സമീപം 'കോറൽ' വീട്ടിലായിരുന്നു കവർച്ച നടന്നത്. 300 പവനിലധികം വരുന്ന സ്വർണ, വജ്ര ആഭരണങ്ങളും ഒരു കോടി രൂപയുമാണ് കൊണ്ടുപോയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ഇതുമനസിലാക്കിയാണ് മോഷ്‌ടാക്കളെത്തിയത്. മോഷണം നടത്തുന്നതിന് മുമ്പ് രണ്ടുതവണ മോഷ്ടാവ് വീട്ടിൽ എത്തിയിട്ടുണ്ടെന്നാണ് സൂചന.
ബുധനാഴ്‌ച പുലർച്ചെ മൂന്നിനായിരുന്നു വീട്ടിൽ ആദ്യം മോഷ്ടാവ് കയറിപ്പറ്റിയത്. അന്ന് ഓണാക്കിയ ലൈറ്റ് ഓഫ് ചെയ്യാതെയാണ് മോഷ്ടാവ് ഇറങ്ങിയത്. തൊട്ടടുത്ത ദിവസം രാത്രി വീട്ടിൽ നിന്ന് ഒരു കെട്ടുമായി പ്രതി പുറത്തിറങ്ങുന്ന ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട് . ഇതിൽ നിന്നാണ് മോഷ്ടാവ് വീട്ടിൽ രണ്ടു പ്രാവശ്യം എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ പ്രാവശ്യം ഇറങ്ങുമ്പോൾ ലൈറ്റ് ഓഫാക്കിയിരുന്നു. രണ്ടു തവണയും വീടിനുള്ളിൽ കയറിയ ആൾ മുഖം മൂടി ധരിച്ചിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീടിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരുടെ സഹായം കവർച്ചക്കാർക്ക് ലഭിച്ചിട്ടുണ്ടെന്ന അനുമാനത്തിലാണ് പൊലീസ്. ഒരാളെ അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. എന്നാൽ ഇയാൾ കസ്റ്റഡിയിലുണ്ടോയെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഷറഫിന്റെ ജീവനക്കാരായ ബീഹാർ സ്വദേശികളടക്കം എട്ടോളം പേരുടെ മൊഴി ഇന്നലെ പൊലീസ് എടുത്തിട്ടുണ്ട്. എല്ലാ ജീവനക്കാരുടെയും തിരിച്ചറിയൽ കാർഡ് കഴിഞ്ഞ ദിവസം അന്വേഷണസംഘം വാങ്ങിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |